
കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളില്‍ യുവാക്കള്‍ തമ്മില്‍ ചേരി തിരഞ്ഞ് കൂട്ടത്തല്ല് നടത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അഹ്‌മദി ഗവര്‍ണറേറ്റിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വെച്ചാണ് ചെറുപ്പക്കാര്‍ തമ്മില്‍ അടികൂടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നിരവധി പേരാണ് മാളിലുണ്ടായിരുന്നത്. അടിപിടി നടക്കുന്നതിനിടയില്‍ നിലവിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ചിതറി ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ മാളിലുണ്ടായിരുന്നവരില്‍ ഒരാളാണ് പകര്‍ത്തിയത്. പൊലീസ് മാളില്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപ്പെട്ടു. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
കൂട്ടത്തല്ലിൽ പ്രായപൂര്‍ത്തിയാകാത്ത ആളുകളുമുണ്ടായിരുന്നു. ഇവരെ ജുവനൈല്‍ വിഭാഗത്തിന് കൈമാറി. മേല്‍ നടപടികള്‍ക്കായി മറ്റ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ഔദ്യോഗിക പരാതികളും ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് നടപടിയെടുക്കുകയായിരുന്നു. പൊതു സമൂഹത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്തിയാല്‍ കര്‍ശ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights: Fight Erupts at a Mall in Ahmadi, Suspects Flee Before Police Arrive