
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരും. കനത്ത പിഴയും നിയമലംഘകരെ കസ്റ്റഡിയിലെടുക്കുന്നതും ഉൾപ്പെടെ കർശന ശിക്ഷകളാണ് പുതിയ നിയമത്തിലുള്ളത്. ചില പ്രത്യേക കേസുകളിൽ നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പൊലീസിന് അധികാരം നൽകിയിട്ടുണ്ട്.
മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, പരിക്കേൽപ്പിക്കുകയോ മരണത്തിന് കാരണമാവുകയോ ചെയ്യുന്ന അപകടത്തിന് കാരണമാകുക. പെർമിറ്റില്ലാതെ റോഡുകളിൽ കാർ റേസിൽ പങ്കെടുക്കുക, പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതിരിക്കുക, തുടങ്ങിയ സാഹചര്യങ്ങളിൽ ട്രാഫിക് പൊലീസിന് അറസ്റ്റ് ചെയ്യാവുന്നതാണ്.
4.9 ദശലക്ഷം ജനങ്ങളുള്ള കുവൈറ്റിൽ പ്രതിദിനം 200 മുതൽ 300 വരെ വാഹനാപകടങ്ങൾ സംഭവിക്കുന്നു. ഇതിൽ 28 മുതൽ 30 വരെ പേർക്ക് പരിക്കേൽക്കുന്നു. 90 ശതമാനം അപകടങ്ങളും വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. 2023-ൽ കുവൈറ്റിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 296 ആയിരുന്നു. കഴിഞ്ഞ വർഷം അത് 284 ആയിരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ 14 വയസ്സിന് താഴെയുള്ള 11 കുട്ടികളും ഉൾപ്പെടുന്നു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള പിഴ 5 ദിനാറിൽ നിന്ന് 75 ദിനാറായി വർധിപ്പിച്ചു. അതേസമയം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴ മൂന്നിരട്ടിയായി വർധിപ്പിച്ച് 30 ദിനാറാക്കി. ചുവപ്പ് സിഗ്നൽ മറിക്കടക്കുന്നത് മൂന്ന് വർഷം വരെ തടവും 1000 ദിനാർ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Content Highlights:Kuwait's stringent traffic code to come into effect on April 22