മസ്ക്കറ്റ്: ഒമാനിലില്‍ അപകടത്തെ തുടര്‍ന്ന് അഞ്ചുവര്‍ഷമായി കോമയില്‍ കഴിയുകയായിരുന്ന സ്കൂൾ വിദ്യാര്‍ത്ഥി മരിച്ചു.
അലി ഫുറത്ത് അഹമ്മദ് ഹൂഹ് അല്‍ ലവതി എന്ന സ്കൂൾ വിദ്യാർത്ഥിയാണ് മരിച്ചത്. 2019 സെപ്റ്റംബര്‍ 12നാണ് അപകടമുണ്ടായത്. അപകട സമയത്ത് അലി ഫുറത്തിന് പത്ത് വയസായിരുന്നു. മസ്‌ക്കറ്റിലെ ഇന്‍ഡോര്‍ അഡ്വഞ്ചര്‍ പാര്‍ക്കായ ബൗണ്‍സ് ഒമാനില്‍ ക്ലൈംബിങ് ഗെയിമില്‍ പങ്കെടുക്കുമ്പോഴാണ് അപകടമുണ്ടായത്.
ഗെയിം കളിക്കുന്നതിനായി കയറുന്നതിനിടെ സുരക്ഷക്കായി കെട്ടിയിരുന്ന കയര്‍ അയയുകയും തലകുത്തി വീഴുകയുമായിരുന്നു. എട്ട് മീറ്റർ താഴെക്കാണ് വീണത്. ഉടനെ അടുത്തുള്ള ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തി നടത്തിയ വിശദ പരിശോധനയില്‍ അലി ഫുറത്തിന് ഗുരുതര പരിക്കുകളുണ്ടെന്ന് കണ്ടെത്തി.
തലയോട്ടിക്ക് പൊട്ട്, ആന്തരിക രക്തസ്രാവം, താടിയെല്ല്, മൂക്ക്, തോളില്‍ ഒടിവുകള്‍ എന്നിങ്ങനെ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായതായി വിദഗ്ധർ കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ വര്‍ഷങ്ങളോളം ചെലവഴിക്കുകയും ചെയ്ത അലി മരിക്കുന്നത് വരെ കോമയില്‍ തന്നെയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേസ് ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ബൗണ്‍സ് ഒമാനിലെ ഒരു ജീവനക്കാരിയെ കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ, ബൗണ്‍സ് ഓമാന്‍ കമ്പനിക്ക് 500റിയാല്‍ പിഴ ചുമത്തുകയും സുല്‍ത്താനേറ്റിലെ ശാഖ ഒരു വര്‍ഷത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തു.