ജോലിയിൽ വൈകി എത്തുന്നവരാണോ? എങ്കിൽ പിഴയടക്കേണ്ടിവരും; ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

25ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾക്കാണ് ഈ നിയമം ബാധകമാകുക

dot image

മസ്ക്കറ്റ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ഒരു കാരണവുമില്ലാതെ വൈകി എത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് തൊഴിലാളികൾക്കെതിരെ പിഴ ചുമത്താമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒരോ നിയമലംഘനത്തിനും പ്രത്യേക പിഴ ഘടനയെ കുറിച്ചും മന്ത്രാലയം പുറപ്പെടുവിപ്പിച്ച മാർ​ഗനിർദേശത്തിൽ പറയുന്നുണ്ട്. തൊഴിൽ സ്ഥാപനങ്ങളിൽ ഈ നിയമങ്ങളും പിഴയും അറബിയിലും ഇം​ഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 25ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് ഈ നിയമം ബാധകമാകുക.

  • 15 മിനിറ്റ് വരെ വൈകിയാൽ: ആദ്യത്തെ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകണം. പിന്നീട് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസവേതനത്തിന്റെ 5,10,15 ശതമാനം വരെ പിടിക്കാം.
  • 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ: വൈകിയെത്തിയത് മൂലം തൊഴിലിൽ ചെറിയ തടസ്സമാണ് അനുഭവപ്പെടുന്നതെങ്കിൽ 10,15,25 ശതമാനം വരെ വേതനം പിടിക്കാവുന്നതാണ്. ‌‌‌തൊഴിലിൽ വലിയ തടസ്സമാണ് അനുഭവപ്പെടുന്നതെങ്കിൽ 15,25,50 ശതമാനമായി ഉയർത്തും.
  • 30 മിനിറ്റിൽ കൂടുതൽ വൈകിയാൽ: തൊഴിൽ സ്ഥാപനത്തിൽ ഒരു മണിക്കൂർ വൈകിയാണ് എത്തുന്നതെങ്കിൽ ദിവസ വേതനത്തിന്റെ 75 ശതമാനം ഈടാക്കാവുന്നതാണ്. ജോലിയിലെ തടസ്സം ഇക്കാര്യത്തിൽ പരി​ഗണിക്കുന്നതല്ല.
  • അനുമതിയില്ലാതെ അവധിയെടുത്താൽ: ആ ദിവസത്തെ വേതനം നഷ്ടപ്പെടുകയും ഒപ്പം ദിവസ വേതനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കുകയും ചെയ്യും.
  • ജോലി നിർത്തി നേരത്തെ പോകൽ: നിശ്ചയിക്കപ്പെട്ട സമയത്തിന് മുൻപ് അനുമതിയില്ലാതെ പോവുകയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്റെ 50 ശതമാനം പിടിക്കാം.
  • ജോലിക്കിടയിലെ ഉറക്കം, നിരോധിത മേഖലയിലെ ഭക്ഷണം കഴിക്കൽ: നിരോധിത മേഖലയിലിരുന്നു ഭക്ഷണം കഴിക്കുക, തൊഴിൽ സമയത്ത് ഉറങ്ങൽ തുടങ്ങിയ പ്രവർത്തികൾ ഏതെങ്കിലും തൊഴിലാളിയിൽ നിന്നുണ്ടായാൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലേറെ ദിവസങ്ങളിലേക്ക് സസ്പെൻഷൻ വരെയുണ്ടാകും.
  • അനുമതിയില്ലാതെ സന്ദർശകരെ സ്വീകരിക്കൽ: കമ്പനിയിലെ ജീവനക്കാരെയല്ലാതെ അനുമതി കൂടാതെ സ്വീകരിച്ചലാൽവ്യത്യസ്ത പിഴ ഈടാക്കും. തൊഴിലിടത്തെ സുരക്ഷ പ്രകാരമാണ് പിഴ ഈടാക്കുന്നത്.
  • ലഹരി ഉത്പ്പന്നങ്ങളുടെ ഉപയോ​ഗം: ജോലി സമയത്ത് മദ്യം, മയക്കുമരുന്ന് പോലുള്ള ഉത്പ്പന്നങ്ങൾ ഉപയോ​ഗിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം കൂടാതെ ഉടനെ ജോലിയിൽ നിന്നും പിരിച്ചുവടാവുന്നതാണ്.
  • കമ്പനി ഫോൺ അടക്കമുള്ള സൗകര്യങ്ങൾ അനുമതിയില്ലാതെ സ്വന്തം ആവശ്യത്തിനായി ഉപോയ​ഗിച്ചാൽ പിഴ ഈടാക്കും.
  • ഹാജർ പുസ്തകത്തിലെ ലോ​ഗുകളിൽ മാറ്റം വരുത്തിയാൽ കനത്ത പിഴ ഈടാക്കും. കൂടാതെ സസ്പെൻഷനും നൽകും.
  • നിശ്ചിത എക്സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവർക്ക് ദിവസ വേതനത്തിന്റെ 25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്പെൻഷനോ ലഭിക്കും.
  • കൈക്കൂലി വാങ്ങൽ, നിയമ നടപടിക്രമങ്ങൾ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവർത്തകർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക പോലെയുള്ള കാര്യങ്ങൾ ചെയ്താൽ നഷ്ടപരിഹാരത്തോടുകൂടിയഉള്ള പിരിച്ചുവിടലിന് കാരണമാകും.
  • മോശമായ രീതിയിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ കയ്യാങ്കളിയോ ഉണ്ടായാൽ ​ഗുരുതര പിഴ ഈടാക്കും. ഒന്നിലധികം സസ്പെൻഷനോ പിരിച്ചുവിടലിനോ ഇത് ഇടയാക്കും.
dot image
To advertise here,contact us
dot image