
ഡ്രോൺ രജിസ്‌ട്രേഷന് ഡിജിറ്റൽ പ്ലാറ്റ്ഫോം സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഒമാന്‍. ഡ്രോൺ ഉപയോഗിക്കുന്നവരുടെ രജിസ്‌ട്രേഷനായി 'സെർബ്' പ്ലാറ്റ്‌ഫോം അടുത്തിടെയാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഇതിന്റെ പ്രധാന ലക്ഷ്യം ഡ്രോൺ ഉപയോഗത്തെ കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ്.
ഇനി മുതൽ വിനോദ ആവശ്യങ്ങൾക്കുൾപ്പെടെ ഡ്രോണുകൾ ഉപയോഗിക്കുന്നവർ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്.
ഇത് വഴി ലൈസൻസ് കൈവരിക്കാനും സാധിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇനി ഡ്രോണുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും 'സെർബ്' പ്ലാറ്റ്‌ഫോമിലെ രജിസ്‌ട്രേഷൻ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
ഒരു വർഷത്തേക്ക് ആയിരിക്കും ലൈസൻസ് നൽകുക. മാത്രമല്ല അപേക്ഷകന് 18 വയസ് പൂർത്തിയായിരിക്കണം. ലൈസൻസ് ഇല്ലാതെ ഡ്രോൺ പറത്തിയാൽ 500 റിയാൽ പിഴ അടക്കേണ്ടി വരും. രാജ്യത്ത് സുരക്ഷിതമല്ലാത്ത രീതിയിൽ ഡ്രോണുകൾ ഉപയോഗിച്ചാൽ 600 ഒമാനി റിയാൽ വരെ പിഴയൊടുക്കേണ്ടി വരും.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെ ഡ്രോണുകളോ അവയുടെ ഭാഗങ്ങളോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയോ നിർമിക്കുകയോ ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഒമാനിൽ വാണിജ്യ ആവശ്യങ്ങൾക്കോ സർക്കാർ പദ്ധതികൾക്കോ ഡ്രോണുകൾ ഉപയോഗിക്കുന്നവർ സിവിൽ ഏവിയേഷൻ വിഭാഗം അംഗീകരിച്ച ഏതെങ്കിലും ട്രെയ്നിംഗ് സെന്ററുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നതും നിർബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ 250 ഗ്രാമിൽ കൂടുതൽ ഭാരമില്ലാത്ത, ചിത്രമെടുക്കുന്ന ഉപകരണമോ ഡാറ്റാ ശേഖരണത്തിനുള്ള സെൻസറുകളോ ഇല്ലാത്തവയും ഇതേ സവിശേഷതകളുള്ള കളിപ്പാട്ട ഡ്രോണുകളും കെട്ടിടത്തിനകത്ത് ഉപയോഗിക്കാനും അനുമതി വേണ്ട.
Content Highlights: Digital platform for drone registration; Oman became the first country in the world to achieve the feat