ദോഹ: ഗതാഗത നിയമലംഘകരെ പിടികൂടുന്നതിനായി ഖത്തറിലെ റോഡുകളില് കൂടുതല് റഡാറുകള് സ്ഥാപിച്ച് ട്രാഫിക് ഡയറക്ടറേറ്റ്. സെപ്റ്റംബര് മൂന്ന് മുതല് റഡാറുകള് പ്രവര്ത്തിച്ച് തുടങ്ങും. വാഹനയാത്രികരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാന റോഡുകളില് കൂടുതല് റഡാറുകള് സ്ഥാപിച്ചത്.
ഗതാഗത നിയമ ലംഘനങ്ങള് വര്ദ്ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല് റഡാറുകള് സ്ഥാപിച്ചത്. ഗതാഗതനിയമലംഘനങ്ങള് കണ്ടെത്തുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ട്രാഫിക് ഡയറക്ടേറ്റ് അറിയിച്ചു. സീറ്റ് ബെല്റ്റ് ധരിക്കാത്തവരും ഡ്രൈവിങിനിടയില് മൊബൈല് ഫോണ് ഉപയോഗിക്കുന്നവരും റഡാറുകളില് കുടുങ്ങും. ഡ്രൈവറെ കൂടാതെ വാഹനത്തിലുള്ള മറ്റ് യാത്രികരും സീറ്റ് ബെല്റ്റ് ധരിക്കണമെന്ന് ട്രാഫിക് ഡയറക്ടേറ്റ് അറിയിച്ചു.
അമിതവേഗതയില് വാഹനം ഓടിക്കുന്നവരും പിടിക്കപ്പെടും. രാത്രിയിലും പകലും ഒരുപോലെ നിരീക്ഷണം നടത്തുന്നതിന് ശേഷിയുള്ള അത്യാധുനിക ക്യാമറകളാണ് വിവിധ ഭാഗങ്ങളില് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്ഷം മുതല് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് റഡാറുകള് സ്ഥാപിക്കുന്നതിനുളള നടപടി ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരുന്നു. ഗതാഗതനിയമങ്ങള് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും നിരത്തുകളില് സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലൂടെയും ആഭ്യന്തരമന്ത്രാലയം ബോധവൽകരണം ആരംഭിച്ചിട്ടുണ്ട്.