ദോഹ: ഖത്തറിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് പുരസ്‌കാരവുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുരസ്‌കാര ദാന തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
സ്വദേശി വത്കരണത്തിന് മുന്‍തൂക്കം നല്‍കാന്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഖത്തറിന്റെ ദേശീയ വിഷന്‍ നടപ്പിലാക്കുന്നതില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ നല്‍കുന്നത് വലിയ സംഭാവനയാണ്. ഇതിലൂടെ സ്വദേശിവത്കരണത്തിനായി സ്വകാര്യ മേഖലയില്‍ ആരോഗ്യകരമായ മത്സരം ഒരുക്കുകയാണ് ലക്ഷ്യം.
പൗരന്മാരെ തൊഴിലിനായി ശാക്തീകരിക്കുക ഒപ്പം തൊഴില്‍ മേഖലയില്‍ മത്സരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. 2024ലെ 12ാം നമ്പര്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലിയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്. സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച അമീറിന്റെ നിര്‍ദേശം ഒക്ടോബര്‍ 19ഓടെ ഔദ്യോഗിക ഗെസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
Content highlights: Qatar Ministry of Labor awarded for promoting privatization in Qatar