ദോഹ: ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ടവറിനുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ദോഹയുടെ 'റിഗ് 1938'. ഉയരത്തിൻ്റെ കാര്യത്തിൽ 76.309 മീറ്റർ എന്ന റെക്കോർഡാണ് ടവറിനുള്ളത്. 12 വാട്ടർ സ്ലൈഡുകളുള്ള ലോകത്തിലെ ആദ്യ ടവർ എന്ന റെക്കോർഡും റിഗ് 1938ന് സ്വന്തമാണ്. ഖത്തറിൻ്റെ സംസ്കാരവും സർഗാത്മകതയും പ്രതിഫലിപ്പിക്കുന്നതാണ് റിഗ് 1938 ടവർ. മനുഷ്യനിർമിത ദ്വീപായ ഖത്വെയ്ഫാൻ ഐലൻഡ് നോർത്തിലെ മെർയൽ നഗരത്തിന്റെ ഹൃദയഭാഗത്താണ് ടവർ സ്ഥാപിച്ചിരിക്കുന്നത്.
2,81,000 ചതുരശ്ര മീറ്ററിലാണ് ടവർ നിർമിച്ചിരിക്കുന്നത്. മേഖലയിലെ തന്നെ ഏറ്റവും വലിയ വാട്ടർ പാർക്കുകളിലൊന്നാണിത്. 36 പുത്തൻ വാട്ടർ ഗെയിമുകളാണ് ഇവിടെയുള്ളത്. ടൂറിസം–വിനോദ കാഴ്ചകൾക്ക് പുറമെ ഖത്തറിന്റെ സമ്പന്നമായ എണ്ണ, വാതക ചരിത്രത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച വാസ്തുശൈലിയുടെ അതുല്യ നിർമിതി കൂടിയാണ് ഈ ടവർ.
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും അനുയോജ്യമായ തരത്തിൽ ഉയർന്ന സുരക്ഷാ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് ടവർ നിർമിച്ചിരിക്കുന്നത്. 13 ലക്ഷം ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന സമഗ്ര ടൂറിസം പദ്ധതിയാണ് ടവർ സ്ഥിതി ചെയ്യുന്ന ഖെത്വെയ്ഫാൻ ഐലൻഡ്. ആഡംബര വിനോദ ഇടം എന്നതിനപ്പുറം റസിഡൻഷ്യൽ, എജ്യൂക്കേഷനൽ, ആരോഗ്യ പദ്ധതികളും ഇവിടെയുണ്ട്.
Content Highlights: two Guinness World Records with The RIG 1938 in Qatar