ദോഹ: ഈ വർഷം ഖത്തർ ഒളിംപിക്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ കലണ്ടർ പ്രഖ്യാപിച്ചു. ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഉൾപ്പെടെ 84 കായിക മത്സരങ്ങളാണ് അരങ്ങേറുക.
15 ലോകോത്തര ചാമ്പ്യൻഷിപ്പുകൾ ഉൾപ്പടെ 84 ഇനങ്ങൾ ഉൾക്കൊള്ളുന്ന 2025ലെ കായിക ഇവന്റുകളുടെ പട്ടികയാണ് ഖത്തർ ഒളിംമ്പിക് കമ്മിറ്റി പുറത്തുവിട്ടത്. ഐഐടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പ്, ഫിഫ അണ്ടർ 17 വേൾഡ് കപ്പ് തുടങ്ങിയ കായിക ലോകം ഉറ്റുനോക്കുന്ന നിരവധി മത്സരങ്ങൾക്കും ഈ വർഷം ഖത്തർ സാക്ഷ്യം വഹിക്കും.
ലുസൈൽ മൾട്ടിപർപ്പസ് അരീന, ഖത്തർ യൂണിവേഴ്സിറ്റി അരീന, ഖത്തർ സ്പോർട്സ് അരീന എന്നിവിടങ്ങളിൽ മെയ് 17 മുതൽ 27 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ 18വരെ ഫിഫ അറബ് കപ്പ് ദോഹയിൽ നടക്കും. 2022 ഫിഫ വേൾഡ് കപ്പ് നടന്ന സ്റ്റേഡിയങ്ങളാണ് ഫിഫ അറബ് കപ്പിന് വേദിയാവുക.
ഖത്തർ വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബീച്ച് വോളിബോൾ ടൂർണമെന്റോടുകൂടിയാണ് ഈ വർഷത്തെ കായിക മാമാങ്കത്തിന് ഖത്തറിൽ തുടക്കമാവുക. ഫുട്ബോൾ, ടെന്നീസ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, കുതിരയോട്ടം, ജിംനാസ്റ്റിക്സ്, സ്ക്വാഷ്, അത്ലറ്റിക്സ്, ബാഡ്മിൻ്റൺ, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങി വിവിധ മത്സരങ്ങൾക്ക് 2025ൽ ഖത്തർ വേദിയൊരുക്കും.
പ്രാദേശികമായ 12 മത്സരങ്ങളും ഗൾഫ് രാജ്യങ്ങൾ മാറ്റുരക്കുന്ന ആറ് മത്സരങ്ങളും അറബ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു മത്സരവും ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന 14 മത്സരവും ഈവർഷം നടക്കും. രാജ്യാന്തര നിലവാരത്തിലുള്ള വിവിധ രാജ്യങ്ങളിലുള്ള കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളും നടക്കും. കായിക മേഖലയുടെ പ്രാധാന്യം മുന്‍നിര്‍ത്തി ഫെബ്രുവരി 11ന് ഖത്തറിൽ കായിക ദേശീയ ദിനം ആചരിക്കും. ദേശീയ കായിക ദിനത്തിൽ രാജ്യത്ത് പൊതു അവധിയായിരിക്കും.
Content Highlight: