ദോഹ: പ്രവാസികൾക്ക് മിഡിൽ ഈസ്റ്റിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് ഖത്തറിൻ്റെ സ്ഥാനം. അടുത്തിടെ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടംനേടിയിരിക്കുന്നത്.
കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾക്കിടയിൽ ഖത്തർ രണ്ടാം സ്ഥാനത്താണ്. 16.0 ആണ് സ്കോർ. 128 രാജ്യങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ഈ പട്ടികയിൽ ആദ്യം പത്തിൽ ഇടം നേടിയ യൂറോപ്പിന് പുറത്തുള്ള ഏക രാജ്യം എന്ന പ്രത്യേകതയും ഖത്തറിനുണ്ട്. ആഗോള സമാധാന സൂചിക വിലയിരുത്തിയാണ് രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിരത, കലാപ സാധ്യത, കുറ്റകൃത്യ നിരക്ക്, പ്രകൃതി ദുരന്ത സാധ്യത എന്നീ ഘടകങ്ങൾ പരിശോധിച്ചത്.
കുറ്റകൃത്യങ്ങൾ, മോഷണം എന്നിവ കുറയാൻ ഖത്തറിന് സഹായകമാകുന്നത് രാജ്യത്തിൻ്റെ കർശന നിയമവ്യവസ്ഥകളും കാർക്കശ്യവുമാണ്. രാജ്യത്തിൻ്റെ രാഷ്ട്രീയ സ്ഥിരതയും ഈ ഉയർച്ചയ്ക്ക് വലിയ പങ്കുവഹിക്കുന്നുണ്ട്. സാമ്പത്തിക വികസനം, മികച്ച നയതന്ത്ര നയം എന്നിവയിലൂടെ പ്രവാസികൾക്ക് ജീവിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമാണ് ഖത്തർ പ്രദാനം ചെയ്യുന്നത്.
അതേസമയം പട്ടികയിൽ ബഹ്റൈൻ 13-ാം സ്ഥാനത്താണ്. കുവൈറ്റ്-15, ഒമാന്-24, യുഎഇ-30, സൗദി-54 എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളുടെ റാങ്കിങ്.
Content Highlights: Qatar Ranked Among world's safest countries for expats in 2025