ദോഹ: ഖത്തറിലെത്തുന്ന എല്ലാ സന്ദർശകരും നിർബന്ധമായും എടുക്കേണ്ട ഒന്നാണ് ആരോഗ്യ ഇൻഷറൂൻസ്. രാജ്യത്ത് എത്തുന്ന എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2023ലാണ് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കിയത്. ജിസിസി രാജ്യങ്ങളിലെ പൗരന്മാർ ഒഴികെയുള്ള മറ്റ് എല്ലാ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശരും നിര്‍ബന്ധമായി എടുക്കേണ്ട ഇന്‍ഷൂറന്‍സ് ആണിത്.
ഖത്തറിൻ്റെ നിർബന്ധിത ആരോഗ്യ ഇൻഷൂറൻസിന്റെ പരിധിയിൽ എമർജൻസി മെഡിക്കൽ സേവനങ്ങൾ മാത്രമാണ് ഉൾപ്പെടുക. ഇതിന് പുറമെ സന്ദർശകന് സ്വകാര്യ മെഡിക്കൽ ഹെൽത്ത് ഇൻഷൂറൻസും എടുക്കാവുന്നതാണ്. എമർജസി അല്ലാത്ത ചികിത്സകൾക്ക് സ്വകാര്യ മെഡിക്കൽ ഹെൽത്ത് ഇൻഷൂറൻസ് പ്രയോജനപ്പെടുത്താവുന്നതാണ്.
നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് പദ്ധതി കീഴിൽ:
- പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷൂറൻസ് കമ്പനികളിൽ നിന്നായിരിക്കണം ആരോഗ്യ ഇൻഷൂറൻസ് എടുക്കേണ്ടത്.
- ഒരു മാസത്തേക്ക് 50 റിയാൽ മുതലുള്ള ഇന്‍ഷൂറന്‍സ് ലഭ്യമാണ്.
- നിർബന്ധിത ആരോഗ്യ ഇൻഷൂറൻസിന് കീഴിൽ 1,50,000 റിയാലിന്റെ വരെ എമർജൻസി ചികിത്സ ലഭിക്കും.
- 35,000 റിയാലിന്റെ വരെ മെഡിക്കൽ സഹായങ്ങളും ലഭ്യമാകും. ആംബുലൻസ് സേവനം, രോഗിയായ സന്ദർശകനെ സ്വദേശത്തേക്ക് എത്തിക്കൽ എന്നിവ മെഡിക്കൽ സഹായങ്ങളിൽ ഉൾപ്പെടുന്നതാണ്.
എമർജൻസി വിഭാഗമായി കണക്കാക്കുന്ന കാര്യങ്ങൾ:
- ജീവന് ഭീഷണിയായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളാണ് എമർജൻസി മെഡിക്കൽ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
- സന്ദർശകൻ്റെ ആരോഗ്യനില വിലയിരുത്തിയായിരിക്കും മെഡിക്കൽ എമർജൻസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന കാര്യം തീരുമാനിക്കുക.
- എമർജൻസി സേവനമെങ്കിൽ ഖത്തർ സർക്കാർ അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളാണെങ്കിൽ ബിൽ തുക കമ്പനിയിൽ നിന്ന് ആശുപത്രി അധികൃതർ നേരിട്ട് ഈടാക്കും. അല്ലാത്ത പക്ഷം സന്ദർശകർ സ്വന്തം കയ്യിൽ നിന്ന് പണം അടയ്ക്കണം. പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ ചികിത്സാ ബില്ലുകൾ ഹാജരാക്കി പണം തിരികെ വാങ്ങിക്കാവുന്നതാണ്.
- ഇൻഷൂറൻസ് പരിധിയിൽ കൂടുതൽ തുക ചികിത്സയ്ക്കായി വേണ്ടിവന്നാൽ സ്വന്തം കയ്യിൽ നിന്ന് നൽകണം.
ഏതെല്ലാം ആശുപത്രികളിൽ ഇൻഷൂറൻസ് ലഭ്യമാകുമെന്ന് നോക്കാം:
- ഖത്തറിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളിലാണ് ഇൻഷൂറന്‍സ് ആനുകൂല്യം ലഭിക്കുക.
- ഹമദ് മെഡിക്കൽ കോർപറേഷന്റെ എമർജൻസി സേവനങ്ങൾക്കായി ഇൻഷൂറൻസ് ഉപയോഗിക്കാം. അടിയന്തരമല്ലാത്ത ചികിത്സ പ്രാഥമിക പരിചരണ കോർപറേഷന്റെ കീഴിലെ എല്ലാ ഹെൽത്ത് സെൻ്ററുകളിലും ലഭിക്കും.
- സ്വകാര്യ മെഡിക്കൽ സെന്‍ററുകളിലും ചികിത്സ തേടാവുന്നതാണ്.
മെഡിക്കൽ എമർജൻസി അനുഭവപ്പെട്ടാൽ എന്ത് ചെയ്യാം:
- ജീവന് ഭീഷണിയാകുന്ന അവസ്ഥയിൽ അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തിൽ ഉടനെ എച്ച്എംസിയുടെ എമർജൻസി സേവനം തേടാവുന്നതാണ്.
- ആംബുലൻസ് സഹായത്തിനായി 999 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
- എച്ച്എംസിയുടെ ഇൻഷുറൻസ് വിഭാഗം കൗണ്ടറിൽ ചെന്നാൽ സന്ദർശകന്‍റെ ഇൻഷുറൻസ് കമ്പനി രാജ്യത്ത് അംഗീകൃതമാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങളറിയാം.
- നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സ്കീം എടുത്തവരും മെഡിക്കൽ എമർജൻസി സേവനങ്ങൾ ഉൾപ്പെടുന്ന സ്വകാര്യ മെഡിക്കൽ ആരോഗ്യ ഇൻഷുറൻസുള്ളവരുമെങ്കിൽ പരിധിയിൽ കൂടുതൽ തുക വരുന്നത് മാത്രം അടച്ചാൽ മതിയാകും.
- സ്കീമിൽ എമർജൻസി സേവനങ്ങൾ ഉൾപ്പെടാത്തവരാണെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ നൽകണം.
Content Highlights: Visitors can access emergency medical treatment at HMC with mandatory insurance