
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്കും. ഇതിനായി ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു.
യുപിഐ സംവിധാനം ഖത്തറിൽ വരുന്നതോടെ ഇന്ത്യയ്ക്കും ഖത്തറിനും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തർ ഇന്ത്യൻ അംബാസിഡർ പറഞ്ഞു. ദോഹയിൽ നടന്ന ഖത്തർ വെബ് സമ്മിൽ സംസാരിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംബാസഡർ വെളിപ്പെടുത്തിയത്.
ഏകദേശം എട്ട് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണ് ഖത്തറിലുള്ളത്. യുപിഐ സംവിധാനം പൂർണ്ണതോതിലാകുന്നതോടെ പണമിടപാട് കൂടുതൽ എളുപ്പമാകും. റസ്റ്ററൻ്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യം.
ബാങ്ക് വഴിയാണ് പണമിടപാട് നടത്തുക. അതിനാൽ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ പണമിടപാട് നടത്താനാകും. ടൂറിസ്റ്റ് വിസയിലും മറ്റും ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാർക്കായിരിക്കും ഈ സേവനം കൂടുതല്‍ ഫലപ്രദമാവുക. ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്കാകും ഈ തീരുമാനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രംഗത്ത് വിപ്ലവം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ.
Content Highlights: upi system now fully operational in qatar