
ദോഹ: ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ വീണ്ടും ഇടംപിടിച്ച് ഹമദ് ഇൻ്റർനാഷണൽ വിമാനത്താവളം. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളവുമായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട് റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്റെ 2025ലെ പട്ടികയിലാണ് ദോഹ വിമാനത്താവളം ഇടം പിടിച്ചത്.
സ്പെയിനിലെ മാഡ്രിഡിൽ നടന്ന പരിപാടിയിൽ ഹമദ് ഇന്റർനാഷണലിന് അഭിമാനകരമായ 5-സ്റ്റാർ എയർപോർട്ട് റേറ്റിംഗും ലഭിച്ചു. സ്കൈട്രാക്സിന്റെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ തുടർച്ചയായി പതിനൊന്നാമത്തെ വർഷമാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി നിലനിർത്തുന്നത്.
ആഗോള തലത്തിൽ മികച്ച എയർപോർട്ട് ഷോപ്പിങ്ങിനുള്ള പുരസ്കാരവും ഹമദ് വിമാനത്താവളത്തിനാണ്. തുടർച്ചയായ മൂന്നാം തവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഷോപ്പിങ്, ഡൈനിങ് ഓപ്ഷനുകൾ, വിശാലമായ ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ എന്നിവ ഉൾപ്പെടെ വിനോദ, വിശ്രമ സൗകര്യങ്ങൾക്ക് മികവുറ്റ സംവിധാനമാണ് ഹമദ് വിമാനത്താവളത്തിലുള്ളത്.
'ഈ അഭിമാനകരമായ അംഗീകാരങ്ങൾ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പതിനൊന്നാം വർഷവും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായും മൂന്നാം തവണയും മികച്ച എയർപോർട്ട് ഷോപ്പിംഗായും തിരഞ്ഞെടുക്കപ്പെട്ടത് അസാധാരണമായ യാത്രാനുഭവം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.', ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹമദ് അലി അൽ-ഖാതിർ പറഞ്ഞു.
ടോക്കിയോയിലെ ഹനേഡയും നരിറ്റയും, സിയോളിലെ ഇഞ്ചിയോണും ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടി. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം, രണ്ട് വർഷം മുമ്പ് 33-ാം സ്ഥാനത്തായിരുന്നത് ആറാം സ്ഥാനത്തേക്ക് ഉയർന്നു. യൂറോപ്പിലെ പാരീസ് ചാൾസ് ഡി ഗല്ലെ, റോം ഫിയുമിസിനോ, മ്യൂണിക്ക്, സൂറിച്ച് എന്നിവയും ആദ്യ പത്തിൽ ഇടം നേടി.
Content Highlights: Singapore's Changi reclaims world's best airport title from Doha's Hamad