ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ പണി പുനരാരംഭിച്ച് സൗദി അറേബ്യ. 2013ല് നിര്ത്തിവെച്ച നിര്മ്മാണ പ്രവര്ത്തനങ്ങളാണ് ഇപ്പോള് പുനരാരംഭിച്ചിരിക്കുന്നത്. പദ്ധതി യാഥാര്ത്ഥ്യമായാല് ബുര്ജ് ഖലീഫയുടെ റെക്കോര്ഡ് സൗദി മറികടക്കും.
2011ല് ഒരു കിലോമീറ്റര് നീളത്തില് 'ജിദ്ദ ടവര്' എന്ന പേരിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടം സൗദി ഭരണ കൂടം പ്രഖ്യാപിച്ചത്. 2013ല് നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കുകയും ചെയ്തു. എന്നാല് 50 നിലകള് വരെ ഉയര്ന്ന കെട്ടിടത്തിന്റെ നിര്മ്മാണം പിന്നീട് താല്ക്കാലികമായി നിര്ത്തിവച്ചു. അതാണ് ഇപ്പോള് പുനരാരംഭിച്ചിരിക്കുന്നത്.
ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 1000 മീറ്ററിലേറെ ഉയരത്തിലാണ് ജിദ്ദയില് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ഉയരുന്നത്. നിര്മാണം പൂര്ത്തിയാക്കാനുള്ള കരാറിനായി ഈ വര്ഷം അവസാനത്തോടെ കരാറുകാര്ക്കായി ലേലം വിളിക്കും. ബിഡ് തയ്യാറാക്കാന് മൂന്നുമാസത്തെ സമയമാണ് നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാല് നിലവില് ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടമായ ബുര്ജ് ഖലീഫയുടെ 828 മീറ്റര് എന്ന റെക്കോര്ഡ് ജിദ്ദ ടവര് മറികടക്കും.
രണ്ട് മുതല് ആറ് മുറികള് വരെയുളള ഫ്ളാറ്റുകളാവും ജിദ്ദ ടവറില് ഉണ്ടാവുക. ഷോപ്പിംഗ് മാള്, റസ്റ്ററന്റ്, കളിസ്ഥലങ്ങള് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. 2016ല് സൗദി പ്രഖ്യാപിച്ച വിഷന് 2030 ന്റെ ഭാഗമായി നിരവധി പദ്ധതികള് രാജ്യത്ത് നടപ്പിലാക്കി വരുന്നുണ്ട്. ഇത് പൂര്ത്തിയാകാന് ഏഴ് വര്ഷം കൂടി ബാക്കി നില്ക്കെയാണ് ലോകത്തെ ഏറ്റവും ഉയരമുളള കെട്ടിടമുളള രാജ്യമായി മാറാന് സൗദി തയ്യാറെടുക്കുന്നത്.