റിയാദ്: 102 പേരടങ്ങിയ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഹജ്ജ് സംഘം മക്കയിലെത്തി. പുണ്യഭൂമിയിലെത്തിയ മലയാളി സംഘത്തിന് ഊഷ്മള സ്വീകരണമാണ് നൽകിയത്. ബുധനാഴ്ച വൈകീട്ട് 3.30 നാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇറങ്ങിയത്. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കീഴിൽ കണ്ണൂരിൽ നിന്നുള്ള സംഘമാണ് ആദ്യമായി പുണ്യഭൂമിയിലെത്തിയത്. വൈകീട്ട് ഏഴ് മണിയോടെ ബസ് മാർഗം തീർത്ഥാടക സംഘത്തെ മക്കയിലെത്തിച്ചു. ആദ്യ സംഘം തീർത്ഥാടകരെ കെഎംസിസി മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഊഷ്മളമായി സ്വീകരിച്ചു.
സ്വകാര്യ ഗ്രൂപ്പ് വഴി ഇത്തവണ 35,005 ഹാജിമാർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. മക്കയിലെത്തുന്ന ആദ്യ സ്വകാര്യ ഗ്രൂപ്പ് തീർത്ഥാടകർ ഹജ്ജിനു മുന്നേ മദീന സന്ദർശനം പൂർത്തിയാക്കും. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യസംഘം കരിപ്പൂരിൽ നിന്ന് ഈ മാസം 21ന് ജിദ്ദയിലെത്തും. മെയ് 26ന് കൊച്ചിയിൽ നിന്നും ജൂൺ ഒന്നിന് കണ്ണൂരിൽ നിന്നും കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർ എത്തിത്തുടങ്ങും. ജിദ്ദ വിമാനത്താവളം വഴി തന്നെയായിരിക്കും ഇവരുടെ മടക്കയാത്ര.
ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരും എത്തി തുടങ്ങി. കഴിഞ്ഞദിവസം ശ്രീനഗർ, ഗുവാഹത്തി എന്നീ എംബാർക്കേഷൻ പോയിന്റുകളിൽനിന്നും 644 തീർഥാടകരാണ് ആദ്യമായി ജിദ്ദയിലെത്തിയത്. ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ പ്രത്യേക ബസുകളിൽ തീർത്ഥാടകരെ മക്കയിലെ താമസസ്ഥലത്ത് എത്തിച്ചു. രാത്രി ഒരു മണിയോടെ മക്കയിലെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു.