ദുബായ്: ഉംറ വിസയില് രാജ്യത്തേക്ക് വരുന്നവര്ക്ക് ഹജ്ജ് ചെയ്യാന് ഈ വിസ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സൗദി ഹജ്ജ് മന്ത്രാലയം. സന്ദര്ശകര് അവരുടെ വിസ വ്യവസ്ഥകള് പാലിക്കണമെന്നും മന്ത്രാലയം നിര്ദേശിച്ചു. വിസ കാലഹരണപ്പെടുന്നതിന് മുമ്പ് തിരികെ പോകണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമമായ എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്.
ഹജ്ജ് പെര്മിറ്റില്ലാതെ മക്കയില് പ്രവേശിക്കുന്നവര്ക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂണ് രണ്ട് മുതല് 20വരെ മക്കയിലോ മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ഇത്തരം ആളുകളെ കണ്ടെത്തിയാൽ 10,000 റിയാലായിരിക്കും പിഴ ഈടാക്കുക.
കുറ്റം ആവർത്തിക്കുന്നവരിൽ നിന്ന് 100,000 റിയാൽ വരെ പിഴ ഈടാക്കും. ഈ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താനും സൗദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്കാനും സാധ്യതയുണ്ട്. കൂടാതെ, നിയമലംഘകരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർ പിടിക്കപ്പെട്ടാൽ ആറ് മാസം വരെ തടവും 50,000 റിയാൽ പിഴ ഈടാക്കും. അവരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും.