അബ്ദു റഹീമിന്‍റെ മോചനം; ഒക്ടോബര്‍ 17ന് ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷ

വധ ശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമിന്റെ കേസ് ഫയല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയക്ക് കൈമാറിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കും മോചന ഹര്‍ജിയില്‍ വാദം കേള്‍ക്കാനുമാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്

dot image

റിയാദ്: റിയാദില്‍ ജയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചന നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ പൊതുവാദം കേള്‍ക്കല്‍ ഒക്ടോബര്‍ 17ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കും. റഹീമിന്റെ സഹായ സമിതി അംഗങ്ങളാണ് വിവരം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഒക്ടോബര്‍ 17ന് രാവിലെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്.

വധ ശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമിന്റെ കേസ് ഫയല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയക്ക് കൈമാറി. അതിന്മേലുള്ള തുടര്‍നടപടികള്‍ക്കും മോചന ഹര്‍ജിയില്‍ വാദം കേള്‍ക്കാനുമാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റഹീമിന്റെ കുടുംബം അധികാരപ്പെടുത്തിയ പ്രതിനിധിയും പ്രതിഭാഗം വക്കീലും കോടതിയില്‍ ഹാജരാകും. ഒക്ടോബര്‍ 17ന് റഹീമിന്റെ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Also Read:

കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല് വീട്ടില് അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര് വിസയില് റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ ഷഹ്രിയുടെ മകന് അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി.

കവര്‍ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാണ് റഹീമിനെ വധ ശിക്ഷയില്‍ നിന്ന് മോചിപ്പിച്ചത്.

ജൂലൈ രണ്ടാം തീയതി മരിച്ച കുട്ടിയുടെ കുടുംബത്തിന് ദിയാധനമായ 15 ദശലക്ഷം നല്‍കിയതോടെയാണ് വശധ ശിക്ഷ ഒഴിവാക്കിയത്. ഇനി പബ്ലിക് റൈറ്റ്‌സിന്മേലാണ് കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടാകേണ്ടത്. സംഭവത്തിന് ശേഷം 18 വർഷമാണ് റഹീം ജയിലിൽ കഴിഞ്ഞത്, അതിനാൽ പബ്ലിക് റൈറ്റ്‌സിലെ പരമാവധി ശിക്ഷ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image