റിയാദ്: സൗദിയിൽ നടക്കുന്ന ആദ്യത്തെ പ്രൊഫഷണൽ വനിതാ ടെന്നീസ് ടൂർണമെന്റ് തലസ്ഥാന നഗരമായ റിയാദിൽ നടക്കും. റിയാദിലെ കിംഗ് സൗദി യൂണിവേഴ്സിറ്റിയിൽ നവംബർ രണ്ട് മുതൽ ഒമ്പത് വരെയായിരിക്കും ടെന്നീസ് ടൂർണമെന്റ് നടക്കുക. 2024 സീസണിലെ അവസാന ടൂർണമെന്റിൽ വനിത ടെന്നീസ് അസോസിയേഷനിലെ സിംഗിൾ ഡബിൾ വിഭാഗങ്ങളിൽ നിന്നായി മികച്ച എട്ട് കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
സൗദി ടെന്നീസ് ഫെഡറേഷനും വുമൺ ടെന്നീസ് അസോസിയേഷനും (ഡബ്ല്യുടിഎ) തമ്മിലുള്ള മൂന്ന് വർഷത്തെ കരാറിലെ ആദ്യത്തെ ടൂർണമെന്റാണിത്. സൗദിയുടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്ന വനിത ടെന്നീസ് ടൂർണമെൻ്റിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് സൗദി ടെന്നീസ് ഫെഡറേഷൻ പ്രസിഡൻ്റ് അരിജ് മുതബഗാനി പറഞ്ഞു. 2030ഓടെ ഒരു ദശലക്ഷം ആളുകളെ ടെന്നീസ് കളിക്കാൻ ആകർഷിക്കുക എന്ന ലക്ഷ്യം ഇതിനകം തന്നെ പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ തലസ്ഥാനത്തുടനീളമുള്ള ഡബ്ല്യുടിഎയുടെ കമ്മ്യൂണിറ്റി പരിശീലന ശിൽപശാലകൾ നടന്നിരുന്നു. ടെന്നീസിലെ ലോകത്തെ വമ്പൻ താരങ്ങൾ തമ്മിലുള്ള ആദ്യ മത്സരത്തിന് 30 ദിവസം ബാക്കി നിൽക്കെ കായികരംഗത്ത് പുതിയ അധ്യായത്തിൻ്റെ കുതിപ്പിലാണ് രാജ്യമെന്നും മുതബഗാനി കൂട്ടിച്ചേർത്തു.
ആവേശകരമായ ദൃശ്യവിരുന്നിനാണ് റിയാദ് ഒരുങ്ങുന്നത്. ഇതിനായുള്ള ടിക്കറ്റ് webook.com എന്ന വെബ്സൈറ്റ് വഴി വാങ്ങാവുന്നതാണ്. ടെന്നിസിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് ഡബ്ല്യുടിഎ പ്രധാനമായും ലക്ഷ്യമിടുന്നത്.