പ്രവാസികൾക്ക് ആശ്വാസം; ഇനി ശമ്പളം മുടങ്ങില്ല, പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സൗദി

ഒക്ടോബര്‍ ആറ് മുതലാണ് പദ്ധതി നിലവില്‍ വന്നത്

dot image

റിയാദ്: സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായി പുതിയ ഇൻഷുറൻസ് പദ്ധതി. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. 'ഇൻഷുറൻസ് പ്രൊഡക്റ്റ്' എന്ന പുതിയ ഇൻഷുറൻസ് പദ്ധതി മനാവ വിഭവശേഷി, സാമൂഹിക വികസന മന്ത്രലായവും ഇൻഷുറൻസ് അതോറിറ്റിയും ചേര്‍ന്നാണ് ആവിഷ്‌കരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി. ഒക്ടോബര്‍ ആറുമുതലാണ് പദ്ധതി നിലവില്‍ വന്നത്.

തൊഴിലുടമകളിൽ നിന്ന് വേതനമോ സർവീസ് മണിയോ ടിക്കറ്റ് മണിയോ ലഭിക്കാത്ത പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ പദ്ധതി. നിശ്ചിത സമയത്തേക്ക് കൂലി നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. സ്ഥാപന ഉടമകള്‍ വേതനം നല്‍കുന്നതിൽ വീഴ്ച വരുത്തിയാല്‍ പ്രവാസി തൊഴിലാളികളുടെ കുടിശ്ശിക അടയ്ക്കുന്നതിന് പരിരക്ഷ നല്‍കുന്നു. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വിദേശിക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം വിമാന ടിക്കറ്റ് ലഭിക്കും.

ഇന്‍ഷുറന്‍സ് പോളിസിയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അനുസരിച്ചാണ് ഈ ഇൻഷുറൻസ് നല്‍കുക. സൗദിയിലെ തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രാദേശികവും അന്തര്‍ദേശീയവുമായ തൊഴില്‍ വിപണിയുടെ ആകര്‍ഷണവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങള്‍.

Content Highlights: Saudi Arabia launches new insurance scheme to protect expatriate workers

dot image
To advertise here,contact us
dot image