ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഓഗസ്റ്റ് 9ന് അൽ ബാഹായിലെ അൽ ഗറായിൽ നടന്ന വാഹനാപകടത്തിലായിരുന്നു കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജോയൽ തോമസ് (28) മരണപ്പെട്ടത്. പുരയിടത്തിൽ വീട്ടിൽ തോമസ്-ജോളി ദമ്പതികളുടെ മകനാണ്. ശനിയാഴ്ച ഉച്ചയ്ക്ക് സൗദിയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. ശനിയാഴ്ച രാത്രി പത്ത് മണിയോടെ നാട്ടിലെത്തും.
ജോയലിനെ കൂടാതെ നാല് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശി മുക്കറം ഇസ്ലാമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവർ. അപകടത്തിന് പിന്നാലെ ഇവർ സഞ്ചരിച്ച കാറിന് തീപിടിച്ചിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു.
വിരലടയാളം ഉൾപ്പെടെ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും ജോയലിന്റെ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ജോയലിന്റെ സഹോദരൻ നാട്ടിൽ നിന്നും സൗദിയിലെത്തി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ കൈമാറുകയായിരുന്നു. ഇതോടെയാണ് ജോയലിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. പിന്നാലെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. അൽ ഗറാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് മാറ്റിയിരുന്നു.
Content Highlight: Body of youth who died in accident in Saudi Arabia will reach hometown today