റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് നീട്ടി ആഭ്യന്തരമന്ത്രാലയം. പിഴകൾ 50 ശതമാനം ഇളവോടെ അടയ്ക്കാനുള്ള കാലാവധി ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് കാലയളവ് നീട്ടിയുള്ള ഉത്തരവ് പുറത്തുവരുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.
ഈ വർഷം ഏപ്രിൽ 18വരെ ചുമത്തിയ പിഴകൾക്കാണ് ഇളവ്. 2025 ഏപ്രിൽ 18 വരെയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ വിദേശികൾക്കും ഇതര ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിസിറ്റ് വിസയിലെത്തുന്നവർക്കും ഈ പിഴയിളവ് ആനുകൂല്യം ലഭിക്കും.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ട പിഴകൾക്കായിരിക്കും 50 ശതമാനം ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് വക്താവ് കേണൽ മൻസൂർ അൽശഖ്റ പറഞ്ഞു.
വിവിധ സംഭവങ്ങളിൽ ചുമത്തപ്പെട്ട ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഒന്നിച്ചോ ഓരോന്നായോ അടയ്ക്കാം. ഗുരുതരമായ നിയമലംഘനങ്ങൾ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താൻ പാടില്ലെന്ന നിബന്ധനയുമുണ്ട്. വാഹനം കൊണ്ടുള്ള അഭ്യാസ പ്രകടനം, മദ്യലഹരിയിൽ വാഹനമോടിക്കൽ, അമിത വേഗതയ്ക്കും ഇളവ് ആനുകൂല്യം ലഭിക്കില്ല.
Content Highlight: Saudi extends period for getting exemption from traffic violation fines