റിയാദ്: മുൻ വർഷങ്ങളിൽ അനുഭവപ്പെട്ടതുപോലെ ഇത്തവണ രാജ്യത്ത് ശൈത്യക്കാലത്ത് വലിയ തണുപ്പുണ്ടാകില്ലെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി. അൽ അഖ്ബാരിയ ചാനലിലെ 120 പ്രോഗ്രാം പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വേനൽക്കാലം അവസാനിച്ച് ശൈത്യക്കാലത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്.
അന്തരീക്ഷ താപനില കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിലേത് പോലെ റെക്കോർഡ് താഴ്ചയിലേക്ക് പോകില്ലെന്നും മൈനസ് ഡിഗ്രിയിലേക്ക് താഴാൻ സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാലവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ദേശീയ കാലാവസ്ഥ കേന്ദ്രം പിന്നീട് പുറപ്പെടുവിപ്പിക്കും. പൂർണ്ണ വിവരങ്ങൾ കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാ നിന പ്രതിഭാസവുമായി ബന്ധപ്പെട്ട് കഠിനവും നീണ്ടുനിൽക്കുന്നതുമായ ശൈത്യക്കാലം പ്രവചിക്കുന്ന റിപ്പോർട്ടുകൾ കൃത്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
സൗദി അറേബ്യയിലെ വിവിധ രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ ഇടമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്. കിഴക്കന്‍ മേഖല, നജ്‌റാന്‍, അല്‍ ബാഹ, അസീര്‍, ജിസാന്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചവരെ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. മദീന, വടക്കന്‍ അതിര്‍ത്തി, അല്‍ ഖസീം, ഹാഇല്‍ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ മഴയും പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റും പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
മക്ക മേഖലയില്‍ പൊടിക്കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ ബാധിക്കാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ മേഖല, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി, തബൂക്ക് മേഖലയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രിയിലും അതിരാവിലെയും തുടരുന്ന മൂടല്‍മഞ്ഞ് വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം. ചെങ്കടലില്‍ തിരമാലകള്‍ക്ക് രണ്ട് മീറ്റര്‍ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
Content Highlights: