സൗദി അറേബ്യൻ ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍, ട്രാവല്‍ കംപാനിയന്‍, വ്യക്തിഗത ഉപദേഷ്ടാവ് എന്നീ നിലകളില്‍ സേവനമനുഷ്ടിക്കാനായി നിയമിച്ചിരിക്കുന്നത് ഒരു സാധാരണക്കാരിയെയല്ല. സാറയെന്നാണ് വിളിപ്പേരുള്ള ഒരു എഐ ചാറ്റ്‌ബോട്ടിനെയാണ് ഇത്രയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ സൗദി അറേബ്യൻ അധികൃതർ ഏൽപ്പിച്ച് നൽകിയിരിക്കുന്നത്. സ്മാര്‍ട്ട് ടൂറിസം പദ്ധതിയോടുള്ള സൗദി അറേബ്യയുടെ പുരോഗമന സമീപനത്തെയാണ് സാറ പ്രതിനിധീകരിക്കുന്നതെന്നാണ് ഇതിലൂടെ വിലയിരുത്തപ്പെടുന്നത്.
ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ സൗദി പവിലിയനില്‍ വച്ചാണ് സ്മാര്‍ട്ട് ഗൈഡായ സാറയുടെ ബീറ്റാപതിപ്പ് സൗദി ടൂറിസം അതോറിറ്റി പുറത്തിറക്കിയത്.
അതിഥികളുമായി നേരിട്ട് സംവദിക്കാൻ സാറയ്ക്ക് സാധിക്കും. ലക്ഷ്യസ്ഥാനങ്ങള്‍, സ്ഥലങ്ങള്‍, ടൂറിസ്റ്റ് അനുഭവങ്ങള്‍ എന്നുവേണ്ട വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സകല വിവരങ്ങളും ആകര്‍ഷമായ കഥകളുടെ കൂടി പിന്തുണയോടെ പറയാനും ആളുകളെ സന്തോഷിപ്പിക്കാനും സാറയ്ക്ക് കഴിയും. യാത്രക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനും സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും അതിനോട് വേണ്ട രീതിയില്‍ പ്രതികരിക്കാനുമുള്ള കഴിവും സാറയ്ക്കുണ്ട്. മാത്രമല്ല സാറയെ ഒരു യാത്രാപ്രേമിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.
സൗദി യുവതിയായി രൂപകല്‍പ്പന ചെയ്ത സാറയ്ക്ക് തന്റെ രാജ്യത്തെക്കുറിച്ച് ആഴത്തിലുളള അറിവാണുളളത്. സൗദി അറേബ്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്രപരമായ അടയാളങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, സാംസ്‌കാരിക വൈവിധ്യങ്ങള്‍, അന്താരാഷ്ട്ര ഇവന്റുകള്‍ ഇവയെക്കുറിച്ചെല്ലാം സാറയ്ക്ക് അറിവുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുളള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും സൗദിയിലെത്തുന്ന യാത്രക്കാരുടെ യാത്രാനുഭവം മികച്ചതാക്കുന്നതിനും വേണ്ടി അത്യാധുനിക AI സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും ഡിജിറ്റല്‍ ടൂറിസം വികസിപ്പിക്കാനും സൗദി ടൂറിസം ഈ പദ്ധതിയെ കാണുന്നത്.
Content Highlights : Digital Women Sarah has been appointed as Saudi Arabia tourism ambassador