റിയാദ്: അടിയന്തര സാഹചര്യങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന എഐ ഡ്രോൺ പ്രദർശിപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. സൗദി തലസ്ഥാനമായ റിയാദ് നഗരത്തിന്റെ വടക്കുഭാഗമായ മൽഹാമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന 'സിറ്റി സ്കേപ് 2024' മേളയിലാണ് മന്ത്രാലയത്തിന് കീഴിലെ സിവിൽ ഡിഫൻസ് അത്യാധുനിക ഡ്രോൺ പ്രദർശിപ്പിച്ചത്.
മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന സിറ്റി സ്കേപ് 2024 മേളയുടെ സംഘാടകർ. പവലിയനിലെ സന്ദർശകർക്ക് ഡ്രോണിന്റെ പ്രവർത്തന രീതിയെക്കുറിച്ച് സിവിൽ ഡിഫൻസ് വിശദീകരിച്ചു.
നിർമിതബുദ്ധിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ക്യാമറ, തെർമൽ, മോഷൻ സെൻസറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 30 കി.മീ ഉയരത്തിൽ പറക്കാൻ സാധിക്കുന്ന ഡ്രോണാണിത്. മലയോര മേഖലയിലുണ്ടാകുന്ന അപകടങ്ങൾ, കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനും, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്ക് ഭക്ഷണവും മരുന്നും അടിയന്തര സേവനങ്ങളെത്തിക്കാനും ഇവ ഉപയോഗിക്കാനാകും.
Content Highlights: Saudi Interior Ministry showcases AI drone for search and rescue operations