റിയാദ്: സൗദി ജയിലില്‍ മോചനം കാത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സാങ്കേതിക കാരണങ്ങളാൽ മാറ്റി വെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അബ്ദുല്‍ റഹീമിന്റെ ഉമ്മയും ബന്ധുക്കളും സൗദിയിലെത്തി റഹീമിനെ നേരിൽ കണ്ടിരുന്നു. ഇന്ന് മോചന ഉത്തരവുണ്ടാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.
കഴിഞ്ഞ ഒക്ടോബർ 21 നാണ് കോടതി ആദ്യം കേസ് പരിഗണിച്ചിരുന്നത്. ഇന്ന് മോചനം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് അബ്ദുല്‍ റഹീമിന്റെ കുടുംബം റിപ്പോർട്ടറിനോട് പറഞ്ഞു. റിയാദ് കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുക. ക്രൗഡ് ഫണ്ടിങ് വഴി കേരളം ഒന്നാകെ ചേർന്ന് സമാഹരിച്ച പണമാണ് അബ്ദുൾ റഹീമിൻ്റെ മോചനത്തിനുള്ള ബ്ലഡ് മണിയായി കൊടുത്തത്. കേസിൻ്റെ ഭാഗമായി ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു.
ഇതിന് പിന്നാലെ വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയിരുന്നു. കോടതി മോചന ഉത്തരവിൽ ഒപ്പ് വെച്ചാൽ റഹീമിന് 18 വർഷത്തെ ജയിൽ വാസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങാനാകും. 47 കോടി 87 ലക്ഷത്തി 65,347 രൂപയായിരുന്നു ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചിരുന്നത്. സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായിട്ടുണ്ട്.
അബ്ദുറഹീം തന്റെ 26ാം വയസ്സിൽ 2006ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.
ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഉന്നതർ അടക്കമുള്ളവർ ഇടപെടൽ നടത്തിയെങ്കിലും കുടുംബം മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. നിരന്തരമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപ ദയാധനം എന്ന ഉപാധിയിൽ കുട്ടിയുടെ കുടുംബം മാപ്പു നൽകിയത്. ഇതിന് ശേഷം ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.
Content Highlights: The court will consider the case of Abdul Rahim, a native of Kozhikode, who is awaiting release from the Saudi jail