റിയാദ്: സൗദിയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകളും 4,45,000-ലധികം പ്രെഗബാലിൻ, ട്രമഡോൾ ഗുളികകളും പിടികൂടിയവയിൽ ഉൾപ്പെടുന്നു. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു.
വീട്ടുപകരണങ്ങൾ അടങ്ങിയ തപാൽ പാഴ്സലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇത് പിടികൂടിയത്. പാത്രങ്ങളുടെ അടിവശത്തെ പാളിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട്, റിയാദിലെ ഡ്രൈ പോർട്ട്, ബത്ഹ അതിർത്തി പോസ്റ്റ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിച്ച ഒരു കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
നിരോധിത വസ്തുക്കളുടെ കടത്ത് പൂർണമായും തടയുകയാണ് ലക്ഷ്യമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇറക്കുമതിയിലും കയറ്റുമതിയിലും നിയന്ത്രണം ശക്തമാക്കുന്നത് തുടരുകയാണ്. ഏതെങ്കിലും തരത്തിൽ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് വിവരം ലഭിക്കുന്നവർ 1910, 00966114208417 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയിൽ വഴിയോ അറിയിക്കണമെന്നും കസ്റ്റംസ് അതോറിറ്റി കൂട്ടിച്ചേർത്തു.
Content Highlights: Drug cache seized in Saudi; Ten people were arrested