റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ ക്രിമിനൽ കോടതി ഡിസംബർ എട്ടിന് പരിഗണിക്കും. എട്ടിന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു. ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ചു കിട്ടാൻ റഹീമിൻറെ അഭിഭാഷകർ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ച കോടതി രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നറിയിച്ച് മാറ്റിവെക്കുകയായിരുന്നു. മരിച്ച സൗദി ബാലന്റെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറായതോടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് വഴിതെളിഞ്ഞത്. ക്രൗഡ് ഫണ്ടിങ് വഴി കേരളം ഒന്നാകെ ചേർന്ന് സമാഹരിച്ച പണമാണ് അബ്ദുൽ റഹീമിൻ്റെ മോചനത്തിനുള്ള ബ്ലഡ് മണിയായി കൊടുത്തത്. കേസിൻ്റെ ഭാഗമായി ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു.
ഇതിന് പിന്നാലെ വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയിരുന്നു. കോടതി മോചന ഉത്തരവിൽ ഒപ്പ് വെച്ചാൽ റഹീമിന് 18 വർഷത്തെ ജയിൽ വാസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങാനാകും. 47 കോടി 87 ലക്ഷത്തി 65,347 രൂപയായിരുന്നു ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചിരുന്നത്. സമാഹരിച്ച ഫണ്ടിൽ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ധാരണയായിട്ടുണ്ട്.
അബ്ദുൽ റഹീം തന്റെ 26ാം വയസ്സിൽ 2006-ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുൽ റഹ്മാന് അല് ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുൽ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉന്നതർ അടക്കമുള്ളവർ ഇടപെടൽ നടത്തിയെങ്കിലും കുടുംബം മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. നിരന്തരമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപ ദയാധനം എന്ന ഉപാധിയിൽ കുട്ടിയുടെ കുടുംബം മാപ്പു നൽകിയത്. ഇതിന് ശേഷം ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.
Content Highlights:
Abdul Rahim's release order will be considered on December 8, Rahim Sahay Samiti informed