റിയാദ്: സൗദി അറേബ്യയിലെ ആദ്യ മെട്രോ സർവീസിന് ഡിസംബർ 1ന് റിയാദിൽ തുടക്കമാകും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പൊതു ഗതാഗത ശൃംഖലയിലേക്ക് മെട്രോയെ കടന്ന് വരുന്നത്. മൂന്ന് ലൈനുകളാണ് ഡിസംബർ 1 ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക. ഘട്ടം ഘട്ടമായി 6 മെട്രോ ലൈനുകളാവും റിയാദ് മെട്രോയുടെ ഭാഗമായി തുറക്കുക. 176 കിലോമീറ്ററാണ് റിയാദ് മെട്രോയുടെ ദൂരപരിധി. ഈ 6 മെട്രോ ലൈനുകളും ജനുവരി 5-നകം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
3.6 ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാൻ ശേഷിയുള്ള ശൃംഖലയാണ് വികസിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഡ്രൈവറില്ലാത്ത മെട്രോയെന്നതാണ് റിയാദ് മെട്രോയുടെ മറ്റൊരു പ്രത്യേകത. ജർമ്മനിയിലെ സീമെൻസ്, കാനഡയിലെ ബൊംബാർഡിയർ, ഫ്രാൻസിലെ അൽസ്റ്റോം എന്നിവ നിർമ്മിക്കുന്ന 183 ട്രെയിനുകളാണ് സർവീസ് നടത്തുക.
തലസ്ഥാനത്തിൻ്റെ പൊതുഗതാത ശൃംഖലയുടെ നട്ടെല്ല് എന്നാണ് പദ്ധതിയെ സൗദി അറേബ്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഗതാഗത സംവിധാനങ്ങൾക്കായി ഏറ്റവും കൂടുതൽ കാറുകളെ ആശ്രയിക്കുന്ന രാജ്യമാണ് സൗദി. എന്നാൽ രാജ്യത്തെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വിമുക്തമാക്കാൻ ഉദ്ദേശിച്ചിട്ടുള്ള വിഷൻ 2030-ൻ്റെ ഭാഗമായി 2060-ഓടെ കാർബൺ പുറന്തള്ളൽ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിയാദ് മെട്രോ എത്തുന്നത്,.
content highlight-Riyadh Metro is ready to achieve sustainability