Jan 24, 2025
08:47 PM
റിയാദ്: ആഗോളതലത്തിൽ മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് സൗദി അറേബ്യയിലെ മദീന. ഡാറ്റ അനലിറ്റിക്സ് കമ്പനിയായ ‘യൂറോമോണിറ്റർ ഇന്റർനാഷനൽ’ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 88ഉം, ഗൾഫിലെ നഗരങ്ങൾക്കിടയിൽ അഞ്ചും, സൗദി നഗരങ്ങൾക്കിടയിൽ ഒന്നും റാങ്കിലാണ് വിശുദ്ധ നഗരങ്ങളിലൊന്നായ മദീന സ്ഥാനം പിടിച്ചിരിക്കുന്നത്. പ്രവാചകന്റെ നഗരം എന്നറിയപ്പെടുന്ന മദീന അറബ് ലോകത്ത് ആറാം സ്ഥാനത്തും, പശ്ചിമേഷ്യയിൽ ഏഴാം സ്ഥാനത്തുമാണ്. സൗദിയുടെ ടൂറിസം മേഖലയിൽ നഗരത്തെ മുൻനിരയിൽ നിർത്തുന്നതാണ് ഈ നേട്ടം.
ഉംറക്കും സിയാറത്തിനും ഹജ്ജിനുമെത്തുന്ന അതിഥികളെ വരവേൽക്കാനും അവരുടെ സന്ദർശനാനുഭവം സമ്പന്നമാക്കാനും ലോകോത്തര നിലവാരത്തിലുളള സേവനം നൽകുന്നതിനും സൗദി ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ ഫലമാണ് മദീനക്ക് ലഭിച്ച ആഗോള അംഗീകാരമെന്ന് ഗവർണറേറ്റ് അധികൃതർ ‘എക്സി’ൽ കുറിച്ചു. ആറ് പ്രധാന വിഭാഗങ്ങളിലെ 55 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ‘യൂറോമോണിറ്റർ ഇന്റർനാഷനൽ’ ആഗോള തലത്തിൽ മികച്ച വിനോദസഞ്ചാര നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
സാമ്പത്തിക, വാണിജ്യ പ്രകടന സൂചിക, ടൂറിസം പെർഫോമൻസ്, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, നയങ്ങൾ, നഗരങ്ങളുടെ ആകർഷണീയത, ആരോഗ്യവും സുരക്ഷയും, ടൂറിസം അടിസ്ഥാന സൗകര്യങ്ങളും സുസ്ഥിരതയും, സമഗ്രമായ വികസനം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ഓരോ നഗരങ്ങളുടെയും റാങ്ക് നിശ്ചയിക്കുന്നത്. സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും രാജ്യത്തെ ഒരു ആഗോള ടൂറിസം ഹബ്ബായി സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള സൗദി അറബ്യേയുടെ പരിഷ്കാര അജണ്ടയായ വിഷൻ 2030ൻ്റെ വിശാലമായ ലക്ഷ്യങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
Content Highlights: Madhinah Ranks Among Top 100 global tourist destinations