റിയാദ്: സൗദി അറേബ്യയിൽ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ഈജിപ്ഷ്യന്‍ പൗരൻ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവിയെ കുത്തിക്കൊന്ന കേസിലാണ് വധ ശിക്ഷ. 2021 ഓഗസ്റ്റിനായിരുന്നു സംഭവം.
ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു കുഞ്ഞലവി. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലില്‍ ഇദ്ദേഹത്തിന്റെ ട്രക്ക് റോഡരികില്‍ കണ്ടു. ട്രക്ക് പരിശോധിച്ചപ്പോൾ കുത്തേറ്റ് മരിച്ചുകിടക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യന്‍ പൗരനെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയായിരുന്നു.
കുഞ്ഞലവിയുടെ കൂടെ വാഹനത്തില്‍ കയറിയ ഈജിപ്ഷ്യന്‍ പൗരൻ പണം തട്ടിയെടുക്കാനായാണ് കൊലപാതകം നടത്തിയത് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കുറ്റം പ്രതി സമ്മതിക്കുകയും സുപ്രീംകോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ രാജകല്‍പനയുണ്ടാവുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Content Highlights: An Egyptian citizen who killed a Malayali was executed in Saudi Arabia