റിയാദ്: 2024ലെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സ്വന്തമാക്കി സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. 2021 മുതൽ തുടർച്ചയായി നാലാമത്തെ തവണയാണ് ഈ അംഗീകാരത്തിന് മുഹമ്മദ് ബിൻ സൽമാൻ അർഹനാകുന്നത്. 2024 ഡിസംബർ 23 മുതൽ 2025 ജനുവരി എട്ടുവരെ അറബ് സമൂഹത്തിനിടയിൽ റഷ്യ ടുഡേ അറബിക് നെറ്റ് വർക്ക് നടത്തിയ അഭിപ്രായ സർവേ പ്രകാരമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
സർവേയിൽ പങ്കെടുത്തവരിൽ 54.54 ശതമാനം അഥവാ 31,166 വോട്ടുകളിൽ 16,998 വോട്ടുകളും മുഹമ്മദ് ബിൻ സൽമാനാണ് ലഭിച്ചത്. 2024ൽ ഉടനീളം പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള പ്രാദേശികവും ആഗോളവുമായ ശ്രമങ്ങൾക്ക് മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം നൽകി. മിഡിൽ ഈസ്റ്റിലും വിശാലമായ മേഖലയിലും സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും സൗദി കിരീടവകാശി നേതൃത്വം നൽകിയിരുന്നു.
Content Highlights: Saudi Crown Prince Most Influential Arab Leader of 2024