കടുപ്പിച്ച് സൗദി; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 19,418 അനധികൃത താമസക്കാര്‍

നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരുക്കുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

dot image

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞയാഴ്ച മാത്രം അറസ്റ്റ് ചെയ്തത് 19,418 അനധികൃത താമസക്കാരെ. അറസ്റ്റിലായവരില്‍ 11,787 പേര്‍ റസിഡന്‍സി നിയമം ലംഘിച്ചവരും 4,380 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,251 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആകെ 1221 പേര്‍ അറസ്റ്റിലായി. ഇതില്‍ 42 ശതമാനം യെമന്‍ പൗരന്മാരും 56 ശതമാനം എത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 136 പേരെയും അറസ്റ്റ് ചെയ്തു.

ജനുവരി 2നും ജനുവരി 8നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റുകള്‍ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമലംഘകരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 30,261 പുരുഷന്മാരും 3,315 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 33,576 അനധികൃത താമസക്കാര്‍ നിലവില്‍ നിയമനടപടികള്‍ക്ക് വിധേയരായിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരുക്കുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Content Highlight: More than Ninteen thousand illegal residents arrested within a week in Saudi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us