റിയാദ്: സൗദി അറേബ്യയിൽ അപകടത്തിൽ പരിക്കേറ്റ മലയാളിക്ക് വിദഗ്ധ ചികിത്സയ്ക്കായി സർക്കാരിന്റെ കൈത്താങ്ങ്. അപകടത്തിൽ പരിക്കേറ്റ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയിൽ കഴിയുന്ന റംസാൽ തേക്കുംകാട്ടിൽ സലിമിൻ്റെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കേരളത്തിൻ്റെ സഹായമെത്തിയത്.
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന്റെ സമയോചിതമായ ഇടപെടലാണ് ഇതിനു വഴിയൊരുക്കിയത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പരിക്കേറ്റ മലയാളിയെ കേരളത്തിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
സലിമിന്റെ അവസ്ഥ മനസിലാക്കി ലോക കേരള മലയാളി സഭ അംഗം നിസാർ ഇബ്രാഹിമാണ് വിഷയം കെ വി തോമസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സലീമിന് വിദഗ്ധ ചികിത്സ നൽകുന്നതിന് നാട്ടിൽ എത്തിക്കണമെന്നായിരുന്നു അഭ്യർത്ഥന. തുടർന്ന് കെ വി തോമസ് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിലേക്ക് ഇ-മെയിൽ അയക്കുകയായിരുന്നു.
കെ വി തോമസിന്റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് സ്‌ട്രെച്ചര്‍ ടിക്കറ്റില്‍ വിമാനമാര്‍ഗം സലീമിനെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ എംബസി നടത്തിവരികയായിരുന്നു. കേസ് സൂക്ഷ്മമായി നീരിക്ഷിക്കുന്നുണ്ടെന്നും സ്പോൺസറോട് സംസാരിച്ചതായും എംബസി അറിയിച്ചു.
Content Highlights: Kerala lends hand to Malayali who was injured in an accident in Saudi Arabia