ജിസാൻ: സൗദിയിൽ ജീവനക്കാർ സഞ്ചരിച്ച കമ്പനി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണുപ്രസാദ് പിള്ള (31) ആണ് മരിച്ചത്. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ചാണ് സംസ്കരിക്കുക.
മൂന്ന് വർഷമായി സൗദിയിലെ എസിഐസി കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ് വിഷ്ണുപ്രസാദ്. മരണ വിവരം അറിഞ്ഞതിന് പിന്നാലെ യുകെയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്ന വിഷ്ണുവിൻ്റെ അനിയൻ നാട്ടിലെത്തിയിട്ടുണ്ട്.
അപകടത്തിൽ വിഷ്ണു പ്രസാദ് ഉൾപ്പെടെ ഒൻപത് ഇന്ത്യക്കാരാണ് മരിച്ചത്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രോൻ, പുഷ്കർ സിംഗ്, സക്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. 15 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയിലെ അരാംകോ റിഫൈനറി റോഡിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അരാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരുമായി പോവുകയായിരുന്ന കമ്പനിയുടെ മിനി വാനില് എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ തന്നെ സൗദി ഫയർഫോഴ്സും രക്ഷാപ്രവർത്തകരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 15 പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 11 പേർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ എയർ ആംബുലൻസിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
Content Highlights: Bus Truck accident in jizan vishnu prasad body to be brought home for cremation