റിയാദ്: ആരോഗ്യത്തിന് അപകടകരമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഈ റോസ്റ്റഡ് ബീഫിൽ ലിസ്റ്റീരിയ മോണോസൈറ്റോജെനുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് നടപടി. ലബോറട്ടറികളിൽ സൗദി അധികൃതർ നടത്തിയ പരിശോധനയിലാണ് ബീഫ് റോസ്റ്റിനുള്ളിൽ ലിസ്റ്റീരിയ മോണോസൈറ്റോജെനുകൾ അടങ്ങിയതായി കണ്ടെത്തിയത്.
ഈ ബാക്ടീരിയ മനുഷ്യരിൽ അപകട സാധ്യത സൃഷ്ടിക്കുന്നതായി എസ്എഫ്ഡിഎ പ്രസ്താവനയിലൂടെ അറിയിച്ചു. ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയ ബീഫ് റോസ്റ്റ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തതാണ്. രണ്ട്-മൂന്ന് കിലോ പാക്കേജുകളിലാണ് വിൽപ്പനയ്ക്ക് വെച്ചിരുന്നത്. 2024 ഡിസംബർ രണ്ടിന് പാക്ക് ചെയ്ത വിഭവത്തിന് 2025 ഏപ്രിൽ ഒന്ന് വരെയാണ് കാലഹരണ തീയതി.
ഭക്ഷ്യ നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു ലംഘനവും അനുവദിക്കില്ലെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഭക്ഷണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 19,999 എന്ന നമ്പറിൽ ഏകീകൃത കോൾ സെൻ്ററുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: SFDA warns against consuming Arrowhead roast beef due to Listeria contamination