
റിയാദ്: ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോയ് (46) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചിറ്റുമല സ്വദേശിയാണ് കരീംതോട്ടുവ ഷിബു ജോയ്. 20 വർഷമായി ഷിബു പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ദമ്മാമിൽ വെസ്കോസ കമ്പനിയിലെ ജീവനക്കാരനാണ്.
ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ ഷിബുവിനെ ദമ്മാം തദാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മരണവിവരമറിഞ്ഞ് ഒഐസിസി നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. ദമ്മാമിലെ ഒഐസിസിയുടെ രൂപവത്കരണ കാലം മുതൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നു ഷിബു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഷിബു ജോയിയുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാപ്രവർത്തകനേയാണ് നഷ്ടമായത്, ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീർക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകനെയുമാണ് ഷിബു ജോയിയുടെ നിര്യാണം മൂലം നഷ്ടമായതെന്ന് ഒഐസിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഷിബുവിന് രണ്ട് മക്കളുണ്ട്, ഭാര്യ സോണി.
Content Highlight: OICC Kollam District General Secretary Shibu Joy dead in Dammam