
റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക കറൻസിയായ റിയാലിൻ്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗികമായി അംഗീകാരം നൽകിയതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. അറബി കാലിഗ്രഫി ഉപയോഗിച്ചാണ് ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്. അറബി കാലിഗ്രഫിയിൽ റിയാൽ എന്ന് വായിക്കുന്ന രീതിയിലാണ് ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യമായിട്ടാണ് റിയാലിന് ഔദ്യോഗിക ചിഹ്നം ലഭിക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ വിഭാവനം ചെയ്ത സൗദി വിഷൻ 20230ൻ്റെ ഭാഗമായിട്ടാണ് പുതിയ കറൻസി ചിഹ്നം പുറത്തിറക്കിയത്.
ചിഹ്നം പുറത്തിറക്കുന്നതിനായി നേതൃത്വം നൽകിയതിന് സൗദി സെൻട്രൽ ബാങ്ക് ഗവർണർ അയ്മാൻ അൽ സയാരി സൽമാൻ രാജാവിനും കിരീടവകാശിയും പ്രധാമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. പ്രാദേശികമായും അന്തർദേശീയ തലത്തിലും സൗദി അറേബ്യയുടെ സാമ്പത്തിക ഐഡൻ്റിറ്റിയെ ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളുമായി സംയോജിച്ച് സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ റിയാലിെൻറ ഔദ്യോഗിക ചിഹ്നം ക്രമേണ പ്രയോഗത്തിൽ വരുത്തുമെന്ന് അൽസയാരി വ്യക്തമാക്കി. സാംസ്കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ ചിഹ്നം വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഗവർണർ നന്ദി അറിയിച്ചു.
Content Highlights: The official symbol for the rial in Arabic calligraphy