
ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന് സൗദി സന്ദര്‍ശിക്കും. ജിദ്ദയില്‍ സൗദി രാജാവിന്റെ കൊട്ടാരത്തില്‍വെച്ച് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുക. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിലവില്‍ ജിദ്ദയിലുണ്ട്. നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
പ്രധാനമന്ത്രി ആയതിന് ശേഷമുള്ള മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നരേന്ദ്ര മോദി സൗദിയിലെത്തുക. ജിദ്ദയിലെ പൊതുസമൂഹമായും സംവദിക്കുമെന്നാണ് സൂചന. വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകള്‍ ഒപ്പിട്ടേക്കും. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും നരേന്ദ്ര മോദി ജിദ്ദയില്‍ എത്തുക.
കഴിഞ്ഞ നവമ്പറില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഈ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. 2023ല്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരാനും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
Content Highlights: PM Modi to visit Saudi Arabia this month