
സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട. റബ് അൽ-ഖാലി അതിർത്തി ക്രോസിംഗിലൂടെ കടത്താൻ ശ്രമിച്ച 17.6 കിലോഗ്രാം മെത്താംഫെറ്റാമൈൻ ആണ് സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടികൂടിയത്. അതിർത്തിയിലെത്തിയ ഒരു ട്രക്കിൽ കടത്തുകയായിരുന്ന മറ്റൊരു വാഹനത്തിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താംഫെറ്റാമൈൻ.
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലഹരി സ്വീകരിക്കാൻ തീരുമാനിച്ചിരുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനായി അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപിച്ച് അന്വേഷണം തുടരുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സമൂഹത്തെ സംരക്ഷിക്കുന്നതിനും മയക്കുമരുന്ന് കടത്തിന്റെ അപകടങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിനുമായി രാജ്യത്തിലേക്കുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുമെന്ന് സാറ്റ്ക പറഞ്ഞു.
അതേസമയം സൗദിയിൽ ലഹരിയുമായി ബന്ധപ്പെട്ട് സംശയാസ്പദമായ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞാൽ അത് റിപ്പോർട്ട് ചെയ്യണമെന്ന് സാറ്റ്ക അഭ്യർത്ഥിച്ചു.
1910 എന്ന ഹോട്ട്ലൈനിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ വിളിച്ചാണ് വിവരങ്ങൾ കൈമാറേണ്ടത്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ടും പൊതു കസ്റ്റംസ് നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ടും നൽകുന്ന വിവരങ്ങളും വ്യക്തികളുടെ ഐഡന്റിറ്റിയും രഹസ്യമായി കൈകാര്യം ചെയ്യും. നൽകിയിരിക്കുന്ന വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചാൽ വിവരം നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലമടക്കം ലഭിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlights: 17.6 kg of methamphetamine smuggled in fuel tank seized by Saudi Arabia authorities