അബുദബി: മുന്നിര വിമാനക്കമ്പനിയായ എമിറേറ്റസ് എയര് ലൈന്സിലെ യാത്രക്കാരുടെ എണ്ണത്തില് റെക്കോര്ഡ് വർധന. ഈ വേനല്ക്കാല സീസണില് വിവിധ രാജ്യങ്ങളില് നിന്ന് രണ്ട് ദശലക്ഷം യാത്രക്കാരെയാണ് എമിറേറ്റ്സ് ദുബായില് എത്തിച്ചത്. ദുബായ് ആസ്ഥാനമായുളള എമിറേറ്റ്സ് എയര്ലെന്സിനെ സംബന്ധിച്ച് തിരക്കേറിയ വേനല്ക്കാല സീസണ് ആണിത്.
യുകെ, ഇന്ത്യ, ജര്മ്മനി, പാകിസ്ഥാന്, സൗദി അറേബ്യ, ചൈന, ഈജിപ്ത്, കുവൈറ്റ് എന്നിവിടങ്ങളില് നിന്നുള്ള യാത്രക്കാരാണ് ഈ വേനല്ക്കാലത്ത് കൂടുതലും എമിറേറ്റ്സിനെ ആശ്രയിച്ചത്. ദുബായിലേക്ക് എത്തിയവരില് 35 ശതമാനം ആളുകളും കുടുംബ സമേതമാണ് യാത്ര ചെയ്തത്. വിവിധ ഘട്ടങ്ങളിലായി രണ്ട് ദശലക്ഷം യാത്രക്കാരാണ് ലേകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് എമിറേറ്റ്സ് എയര്ലൈന്സില് ദുബായിലേക്ക് പറന്നത്.
ജൂണ് മുതല് ഓഗസ്റ്റ് വരെ 140 നഗരങ്ങളിലേക്കും പുറത്തേക്കുമായി ഏകദേശം 50,000 സര്വീസുകളാണ് എമിറേറ്റ്സ് നടത്തിയത്. വരും മാസങ്ങളിലും യാത്രക്കാരുടെ എണ്ണത്തില് വലിയ വര്ധനയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ബുക്കിംഗ് ട്രെന്ഡുകള് ഇതാണ് സൂചിപ്പിക്കുന്നതെന്ന് എമിറേറ്റ്സ് എയര്ലൈന്സ് വ്യക്തമാക്കി. ഈ വര്ഷം ആഗോള കാലാവസ്ഥാ ഉച്ചകോടി ഉള്പ്പെടെ നിരവധി അന്താരാഷ്ട്ര ഇവന്റുകള്ക്ക് ദുബായ് സാക്ഷ്യം വഹിക്കുന്നുണ്ട്. അതോടൊപ്പം, മാസങ്ങള്ക്കപ്പുറം ശൈത്യകാല സീസണും വിരുന്നെത്തുകയാണ്.