അബുദബി: ചന്ദ്രനിൽ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സിൽ തന്റെ അക്കൗണ്ടിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചത്.
'ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന് ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. സഹിഷ്ണുതയിലൂടെയാണ് രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്', ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
Congratulations to our friends in India for the successful landing on the moon. Nations are built through perseverance, India continues to make history.@narendramodi @PMOIndia
— HH Sheikh Mohammed (@HHShkMohd) August 23, 2023
ചന്ദ്രയാനിൽ ലാൻഡിംഗ് നടത്തിയതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആർഒ) യുഎഇ മന്ത്രി അഭിനന്ദിച്ചു. ഇത് മനുഷ്യ പര്യവേഷണത്തിനുള്ള ചരിത്രപരമായ ദിവസമാണെന്ന് പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക സഹമന്ത്രി സാറ അൽ അമിരി ട്വീറ്റ് ചെയ്തു. ആഗോള ശാസ്ത്ര സമൂഹത്തിന് വിലപ്പെട്ട വിവരങ്ങൾ നൽകുന്ന ചന്ദ്ര പര്യവേഷണ യാത്രയിലെ പുതിയ കുതിപ്പാണെന്നാണ് ഈ വിജയത്തെ കുറിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) ഡയറക്ടർ ജനറൽ സലേം അൽമറി വിശേഷിപ്പിച്ചത്.
ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാഷ്ട്രം കൂടിയാണ് ഇന്ത്യ. ദൗത്യ വിജയത്തോടെ ചാന്ദ്ര ഗവേഷണത്തിൽ ഐഎസ്ആർഒയുടെ പ്രധാന്യം കൂടിയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് അടയാളപ്പെടുത്തപ്പെടുക. ലാൻഡിങ്ങ് വിജയകരമായതോടെ പ്രഗ്യാൻ റോവർ ഇനി ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തും.
ചന്ദ്രയാൻ-3 ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റ്ററിൽ നിന്നും വിക്ഷേപിച്ചത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള രണ്ടാണ് ശ്രമത്തിലാണ് ഇന്ത്യ വിജയം കണ്ടിരിക്കുന്നത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയത്.
ചന്ദ്രയാൻ 2-ന്റെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ചന്ദ്രയാൻ-3ൻ്റെ വിജയം ഐഎസ്ആർഒയെ സംബന്ധിച്ചും നേട്ടമായി. ഇതുവരെ, അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. എന്നാൽ ഈ രാജ്യങ്ങൾക്കൊന്നും ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സ്ഫോറ്റ് ലാൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല. ചന്ദ്രനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതലറിയാൻ ഈ ദൗത്യം ഇന്ത്യയെ സഹായിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഇത് ഇന്ത്യയെ പ്രാപ്തമാക്കും.