അബുദാബി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാഴയിലയിൽ വിളമ്പിയ ഓണസദ്യയുടെ ഫോട്ടോയോടൊപ്പം ഹാപ്പി ഓണം എന്ന കുറിപ്പ് സാമൂഹികമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷെയ്ഖ് ഹംദാൻ ഓണാശംസ അറിയിച്ചത്.
27 ഇനങ്ങളിൽ കുറയാത്ത വിഭവസമൃദ്ധമായ സദ്യയുടെ ഫോട്ടോയാണ് ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്തത്. ചോറ്, വാഴപ്പഴം ചിപ്സ്, ശർക്കരവരട്ടി, ഉപ്പ്, പപ്പടമടക്കം സദ്യയിൽ ഉണ്ട്. യുകെയിലെ യോർക്ക് ഷയറിൽ അവധി ആഘോഷിക്കുകയാണ് ഷെയ്ഖ് ഹംദാൻ. ഇൻസ്റ്റാഗ്രാമിൽ 16 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഷെയ്ഖ് ഹംദാനുളളത്.
ഓണത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് യുഎഇ ഉള്പ്പെടെയുളള ഗള്ഫ് രാജ്യങ്ങളില് സംഘടിപ്പിച്ചിരിക്കുന്നത്. നാട്ടില് ഇല്ലെങ്കിലും ആഘോഷത്തിന് ഒട്ടും കുറവ് വരുത്താന് കഴിയില്ലെന്നാണ് പ്രവാസികൾ പറയുന്നത്. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുളള ആഘോഷങ്ങളാണ് യുഎഇയില് ഉടനീളം കാണാനാകുന്നത്.
കേരളീയ വേഷം ധരിച്ച് ഓണപ്പാട്ടും വിവിധ കലാപാരിപാടികളും ഒക്കെയായി ഓരോ പ്രവാസിയും മതി മറന്ന് ആഘോഷിക്കുകയാണ്. കേരളത്തില് ഓണം ആഘോഷിക്കാന് കഴിയാത്തതിന്റെ നിരാശ പലര്ക്കുമുണ്ട്. എന്നാല് ആ കുറവൊക്കെ നികത്തികൊണ്ട് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒത്തുചേർന്ന് ഓണാഘോങ്ങൾ നടന്നുവരികയാണ്. വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള ആഘോഷങ്ങള് മാസങ്ങളോളം നീണ്ടു നില്ക്കും.