
അബുദബി: യുഎഇയുടെ ചാന്ദ്ര ദൗത്യത്തിന്റെയും ചൊവ്വാ ദൗത്യത്തിന്റെയും ഭാഗമാകാന് തയ്യാറാണെന്ന് സുല്ത്താന് അല് നെയാദി. ഇന്ത്യയുടെ ചാന്ദ്രയാന് ദൗത്യത്തിന്റെ വിജയത്തില് ഏറെ അഭിമാനമുണ്ടെന്ന് യുഎഇ അല് നെയാദി പറഞ്ഞു. ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങള് ഒട്ടേറെ പാഠങ്ങള് നല്കുന്നതാണ്. താന് ഏറെ ആഹ്ളാദത്തോടെയാണ് ചന്ദ്രയാന് ദൗത്യ വിജയത്തെ കണ്ടതെന്നും അബുദബിയില് നടത്തിയ വാര്ത്താ സമ്മേളനത്തില് നെയാദി പറഞ്ഞു.
ഐഎസ്ആര്ഒയുമായുമായി ചേര്ന്ന് പ്രവര്ത്തിക്കാന് താല്പര്യമുണ്ടെന്ന് വാര്ത്താ സമ്മേളനത്തില് പങ്കെടുത്ത മുഹമ്മദ് ബിന് റാഷിദ് സ്പെയ്സ് സെന്റര് ജനറല് സലേം അല് മാര്റി പറഞ്ഞു. ബഹിരാകാശ രംഗത്ത് ഐഎസ്ആര്ഒയുമായുളള സഹകരണം കൂടുതല് ശക്തമാക്കും. പിഎസ്എല്വി ഉള്പ്പെടെയുള്ള സംരഭങ്ങളില് നേരത്തെ തന്നെ ഇന്ത്യയുമായി സഹകരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യ വിജയത്തിൽ യുഎഇയും സന്തോഷിക്കുന്നുവെന്ന് അൽ മർറി കൂട്ടിച്ചേർത്തു.
ആറ് മാസത്തെ ചരിത്ര ദൗത്യം പൂർത്തീകരിച്ച് ഇന്നാണ് അൽ നെയാദി ജന്മനാട്ടിൽ മടങ്ങിയെത്തിയത്. അബുദബി വിമാനത്താവളത്തിൽ വന്നിറങ്ങിയ നെയാദിയെ ഭരണാധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പടെയുള്ള ജനക്കൂട്ടമാണ് വിമാനത്താവളത്തിൽ നെയാദിയെ സ്വീകരിക്കാൻ എത്തിച്ചേർന്നത്. ഒരാഴ്ചത്തെ ഇടവേളയ്ക്ക ശേഷം നെയാദി തുടർ പരീക്ഷണങ്ങൾക്കായി നാസയിലേക്ക് പുറപ്പെടും.