അബുദബി: ബഹിരാകാശ സഞ്ചാരി സുല്ത്താന് അല് നെയാദി ഇന്ന് യുഎഇയില് മടങ്ങിയെത്തും. അബുദബി വിമാനത്താവളത്തിൽ എത്തുന്ന നെയാദിയെ ഭരണാധികാരികളുടേയും ഷെയ്ഖ്മാരുടേയും നേതൃത്വത്തിൽ സ്വീകരിക്കും. ചരിത്ര ദൗത്യം പൂര്ത്തിയാക്കി മടങ്ങി എത്തുന്ന നെയാദിക്ക് അവിസ്മരണീയ സ്വീകരണമാണ് യുഎഇ നൽകുക.
അബൂദബി വിമാനത്താവളത്തില് നെയാദി എത്തുമ്പോള് അറബ് കലാരൂപങ്ങളുടെ അകമ്പടിയോടെയാകും അദ്ദേഹത്തെ വരവേല്ക്കുക. റോഡ് ഷോ ഉള്പ്പെടെയുളള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭരണകര്ത്താക്കളുമായുളള കൂടിക്കാഴ്ച, സംവാദങ്ങള് എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ജന്മനാടായ അല് ഐനിലും പ്രത്യേക സ്വീകരണം ഒരുക്കും. സുല്ത്താനെ വരവേറ്റുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ബോര്ഡുകളും സ്ഥാപിച്ചു. ചരിത്ര ദൗത്യം പൂര്ത്തിയാക്കി തിരിച്ചെത്തുന്ന നെയാദിക്ക് സ്വീകരണം ഒരുക്കാനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്ത്തിയായതായി മുഹമ്മദ് ബിന് റാഷിദ് സ്പെയ്സ് സെന്റര് അറിയിച്ചു.
ബഹിരാകാശ നിലയത്തില് നിന്ന് തിരിച്ചെത്തിയ അല് നെയാദി അമേരിക്കയിലെ ഹൂസ്റ്റണില് വിവിധ ആരോഗ്യ പരിശോധനകള്ക്ക് വിധേയനായിരുന്നു. ഭൂമിയുമായി പൊരുത്തപ്പെടാനുള്ള പ്രത്യേക പരിശീലനങ്ങളിലും ഏര്പ്പെട്ടു. ഇതിന് പിന്നാലെയാണ് നെയാദി നാളെ മാതൃരാജ്യമായ യുഎഇയില് എത്തിച്ചേരുന്നത്. ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യത്തില് 200ലേറെ പരീക്ഷണങ്ങളിലാണ് നെയാദി ഏര്പ്പെട്ടത്. ഏറ്റവും കൂടുതല് കാലം ബഹിരാകാശത്ത് ചെലവഴിച്ച അറബ് വംശജന് എന്ന നേട്ടത്തോടെയാണ് നെയാദി യുഎഇയില് മടങ്ങിയെത്തുന്നത്. ചരിത്ര യാത്രയില് നിന്നുള്ള അദ്ദേഹത്തിന്റെ ഉള്ക്കാഴ്ചകളും അനുഭവങ്ങളും കേള്ക്കാന് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.