ദുബായ്: രാജ്യം പുതിയ ബഹിരാകാശ ദൗത്യത്തിൽ സജ്ജമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം. ആറുമാസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം വിജയകരമായി പൂര്ത്തീകരിച്ച് സുത്താൻ അൽ നെയാദി രാജ്യത്ത് മടങ്ങിയത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം. നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇയുടേയും അറബ് ലോകത്തിൻ്റേയും ബഹിരാകാശ ചരിത്രത്തിൽ നാഴികക്കല്ല് തീർത്തുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ സ്പേസ് സെന്ററായ മുഹമ്മദ് റാശിദ് സ്പേസ് സെന്ററില്, ബഹിരാകാശ യാത്രികന് സുല്ത്താന് അല് നെയാദി, സായിദ് എംബിഷന് 2 സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. യുഎഇയിലെ ആദ്യത്തെ ബഹിരാകാശ യാത്രികൻ ഹെസ്സ അൽ മൻസൂരിയേയും സുൽത്താൻ അൽ നെയാദിയേയും നേരിൽ കണ്ട് ശൈഖ് ഹംദാൻ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. യുഎഇ രാഷ്ട്ര പിതാവായ ശൈഖ് സായിദിൻ്റെ സ്വപ്നങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സായിദ് എന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തെ അഭിസംബോധന ചെയ്തു.
മുഹമ്മദ് റാശിദ് സ്പേസ് സെന്ററിൻ്റെ ചെയർമാനാണ് ശൈഖ് ഹംദാൻ. ലോകമെമ്പാടും നടക്കുന്ന മാനവിക പ്രവർത്തനങ്ങളെയും, ശാസ്ത്രീയ ദൗത്യങ്ങളെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഏത് ബഹിരാകാശ ദൗത്യവും ഏറ്റെടുക്കാൻ യുഎഇ സജ്ജമാണെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കുകയും ചെയ്തു. സെപ്റ്റംബർ നാലിനാണ് ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് സുൽത്താൻ അൽ നെയാദി ദുബായിയിൽ മടങ്ങിയെത്തിയത്.