ദുബായ്: ദുബായ് മൈദാന് സ്ട്രീറ്റിലെ ഗതാഗത നവീകരണ പ്രവര്ത്തനങ്ങള് അന്തിമ ഘട്ടത്തില്. പദ്ധതി പൂര്ത്തിയാകുന്നതോടെ ഇതുവഴിയുളള യാത്ര സമയം വലിയ തോതില് കുറയുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി അറിയിച്ചു. തിരക്കേറിയ സമയത്തും സുഗമമായ യാത്ര ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ദുബായ് മൈദാന് സ്ട്രീറ്റിന്റെ മുഖഛായ മാറ്റുന്ന രീതിയിലുള്ള നവീകരണ പ്രവര്ത്തനങ്ങളാണ് ഇപ്പോള് പുരോഗമിക്കുന്നത്.
നിര്മ്മാണ പ്രവര്ത്തനങ്ങള് 85 ശതമാനവും പൂര്ത്തിയായിക്കഴിഞ്ഞു. ഇപ്പോള് നടക്കുന്ന അവസാന ഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങള് കൂടി പൂര്ത്തിയാകുന്നതോടെ ഇതുവഴിയുളള യാത്ര സമയം വലിയ തോതില് കുറയും. തിരക്കേറിയ സമയത്തെ യാത്രസമയം എട്ട് മിനിറ്റില് നിന്ന് ഒരു മിനിറ്റായി കുറയും.
ഇതിന് പുറമെ ജംഗ്ഷനുകളിലെ തിരക്ക് 95 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി അറിയിച്ചു. അല് ഖൈല് സ്ട്രീറ്റ് ഇന്റര്സെക്ഷന് മുതല് സൈക്ലിസ്റ്റ് ക്ലബ് വരെയാണ് പദ്ധതി. സ്ട്രീറ്റിന്റെ ശേഷി വിപുലീകരിക്കുന്നതും അല് മൈദാന് റൗണ്ട് എബൗട്ടിന് പകരം ടി ആകൃതിയിലുള്ള സിഗ്നലൈസ്ഡ് ജംഗ്ഷന് നിര്മ്മിക്കുന്നതുമടക്കമുളള നിര്മാണങ്ങള് പദ്ധതിയില് ഉള്പ്പെടുന്നു. മുഹമ്മദ് ബിന് റാഷിദ് സിറ്റിയുടെ പ്രവേശന കവാടങ്ങളുടെ നവീകരണം ഉള്പ്പെടയുളള പ്രധാന വികസനമാണ് അവസാന ഘട്ടത്തില് ഉള്പ്പെടുന്നത്. അടുത്ത വര്ഷം പകുതിയോടെ പദ്ധതി പൂര്ണമായും പൂര്ത്തിയാക്കാനാണ് ആര്ടിഎ ലക്ഷ്യമിടുന്നത്.