മധ്യപൂർവ്വേഷ്യ 2023; വികസനം, ടൂറിസം, ലോകത്തെ കൊതിപ്പിച്ച നേട്ടങ്ങൾ

അറബ് രാജ്യങ്ങള് 2023ല് വിവിധ മേഖലകളിലായി കൈവരിച്ച വികസന നേട്ടങ്ങളിൽ രാജ്യങ്ങള് തമ്മില് മത്സരങ്ങള് നടക്കുന്നതായും കാണാം

തസ്നി ടിഎ
6 min read|31 Dec 2023, 06:58 pm
dot image

ബഹിരാകാശത്ത് ഇത്തവണ ഒരു പുതിയ പതാക കൂടി പാറി പറന്നു. 2023 നവംബർ മൂന്നിന് യുഎഇ പതാക ദിനത്തില് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഉയര്ത്തിയ അതേ പതാക ബഹിരാകാശത്ത് ഉയർന്നത് യുഎഇയെ സംബന്ധിച്ച് സ്വപ്ന നേട്ടമായിരുന്നു. അറബ് ചരിത്രത്തിൻ്റെ പ്രധാനഭാഗമായി മാറിയ ആ പതാക ബഹിരാകാശത്ത് ഉയർന്നപ്പോൾ അറബ് ലോകത്തിനും അത് അഭിമാനത്തിൻ്റെ ദിവസമായി. ഏറെ നാളത്തെ പരീക്ഷണങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലായിരുന്നു യുഎഇ ബഹിരാകാശം എന്ന ദൗത്യം പൂർത്തീകരിച്ചത്. 2023 മാര്ച്ച് മൂന്നിനാണ് യുഎഇ പൗരനായ സുല്ത്താന് അല് നെയാദി ബഹിരാകാശ ദൗത്യം ആരംഭിച്ചത്. ഏറെ നാളത്തെ തയ്യാറെടുപ്പോടെ നടത്തിയ ആറു മാസത്തെ ബഹിരാകാശ ദൗത്യം വിജയം കണ്ടപ്പോൾ പൂവണിഞ്ഞത് അറബ് ലോകത്തിന്റെ സ്വപ്നം കൂടിയായിരുന്നു.

ബഹിരാകാശ നിലയത്തില് ഏറ്റവും കൂടുതല് കാലം ചെലവഴിച്ച അറബ് വംശജന്, അറേബ്യന് പരമ്പരയില് നിന്ന് ബഹിരാകാശ നടത്തത്തിനിറങ്ങിയ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്നീ ചരിത്ര നേട്ടം സ്വന്തമാക്കിയ സുല്ത്താന് അല് നെയാദി അറബ് ലോകത്തിന്റെ അഭിമാനവും ചരിത്രത്തിൻ്റെ ഭാഗവുമാണ്. 44200 മണിക്കൂര് ബഹിരാകാശത്ത് ചെലവിട്ട നെയാദി 200 പരീക്ഷണങ്ങള് പൂര്ത്തീകരിച്ചു. ബഹിരാകാശ നിലയത്തിലെ അത്ഭുത കാഴ്ചകൾ ഓരോ മിനിറ്റിലും ലോകത്തിന് മുന്നിൽ പങ്കുവെച്ചുകൊണ്ടേയിരുന്നു. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും വിലമതിക്കാനാവാത്ത ഒരു സമ്മാനം ബഹിരാകാശത്തിരുന്ന് നെയാദി നൽകി. ബഹിരാകാശത്തിരുന്ന് അൽ മക്തൂമിൻ്റെ പുത്സകം നെയാദി പ്രകാശനം ചെയ്തു . ഭൂമിയിലേക്ക് മടങ്ങിയെത്തിയ നെയാദി ബഹിരാകാശ നിലയത്തിൽ വീശിയ തൻ്റെ രാജ്യത്തിൻ്റെ പതാക ഷെയ്ഖ് മുഹമ്മദിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്ക്ക് ഒരുങ്ങുകയാണ് യുഎഇ.

കായികം, ടൂറിസം, സാമ്പത്തികം, വികസനം, നയതന്ത്രം, ബിസിനസ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഗൾഫ് രാജ്യങ്ങൾ നേട്ടങ്ങൾ കൊയ്തെടുത്ത വർഷം കൂടിയായിരുന്നു 2023. വിവിധ മേഖലകളിൽ ലോക റെക്കോർഡുകൾ ഉൾപ്പെടെ നേടികൊണ്ട് ആഗോളതലത്തിൽ ഓരോ രാജ്യവും ശ്രദ്ധപ്പിടിച്ചുപ്പറ്റിയിട്ടുണ്ട്. 2023ല് അറബ് രാജ്യങ്ങള് വിവിധ മേഖലകളിലായി കൈവരിച്ച വികസന നേട്ടങ്ങളിൽ രാജ്യങ്ങള് തമ്മില് മത്സരങ്ങള് നടക്കുന്നതായും കാണാം.

2023ൽ മാറ്റത്തിൻ്റെ കാഹളവുമായി സൗദി

സൗദിയെ സംബന്ധിച്ച് നേട്ടങ്ങള് കൊയ്തെടുത്ത വര്ഷമാണ് 2023. ടൂറിസം ഉള്പ്പടെയുള്ള വിവിധ മേഖലയില് മുന്നേറുമ്പോള് ഇപ്പോൾ കണ്ടതല്ല സൗദിയുടെ വികസനം, കാണാന് പോകുന്നതാണ് എന്നാണ് ഭരണാധികാരികള് പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിൽ ഉൾപ്പെടെ കര്ശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന രാജ്യമായ സൗദി ലിബറല് നിയമങ്ങളിലേക്ക് കടക്കുന്നുവെന്ന പ്രതീതിയാണ് ഇതിനകം സൃഷ്ടിച്ചിരിക്കുന്നത്. വികസനത്തിൻ്റെ പുത്തൻവഴികളിൽ ലോകത്തിന് മുന്നില് രാജ്യത്തിന്റെ കവാടം തുറന്നിടുകയാണ്.

ആഗോളതലത്തില് ടൂറിസം മേഖലയില് അതിവേഗ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ രാജ്യം സൗദിയാണ്. യുണൈറ്റഡ് നേഷന്സ് വേള്ഡ് ടൂറിസം ഓര്ഗനൈസേഷന് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ജി-20 രാജ്യങ്ങളില് വിനോദ സഞ്ചാര മേഖലയില് അതിവേഗ വളര്ച്ച രേഖപ്പെടുത്തിയവയുടെ പട്ടികയില് സൗദി ഒന്നാമതെന്നാണ് യൂണൈറ്റഡ് നേഷന്സ് വേള്ഡ് ടൂറിസം ഓര്ഗനൈസേഷന്റെ റിപ്പോര്ട്ടില് പറയുന്നത്. 2023ലെ ആദ്യ ഒമ്പത് മാസങ്ങളില് സൗദിയിലേക്കെത്തിയ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്ട്ട് തയ്യാറാക്കിയിരിക്കുന്നത്. സൗദിയുടെ ടൂറിസം മേഖലയിലെ തിരിച്ചുവരവ് കോവിഡിന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള് 150 ശതമാനം ഈ വര്ഷം വര്ദ്ധിച്ചതായി റിപ്പോര്ട്ടില് സൂചിപ്പിക്കുന്നു.

വിഷന് 2030 ലക്ഷ്യം വെച്ച് മുന്നോട്ടുവെച്ച പദ്ധതികള്ക്ക് കൂടുതല് കാര്യക്ഷമതയും നല്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായില് സ്ഥിതിചെയ്യുന്ന ബുര്ജ് ഖലീഫയെ മറികെടക്കാന് ഇന്നേ വരെ മറ്റൊരു കെട്ടിടവും ലോകത്ത് ഉയര്ന്നിട്ടില്ല. എന്നാല് ബുര്ജ് ഖലീഫയ്ക്ക് വെല്ലുവിളിയാകും വിധം 2030 ലക്ഷ്യം വെച്ച് ജിദ്ദയില് 1000 അടിയില് ഉയരുന്ന ജിദ്ദ ടവറിന്റെ നിര്മ്മാണം പുനരാരംഭിച്ചു.

സ്പോര്ട്സ് മേഖലയില് ലോകത്തിലെ കായിക താരങ്ങളെ ആകര്ഷിക്കും വിധത്തിലുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ് സൗദി ഒരുക്കിയിരിക്കുന്നത്. പുതിയ കാലത്തേക്ക് സൗദിയുടെ മുഖച്ഛായ മാറ്റാന് നിയുക്ത കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് സ്വീകരിക്കുന്ന നയമാറ്റങ്ങള് വ്യത്യസ്ത കാഴ്ചപ്പാടുകളില് ലോകം ഇപ്പോഴും ചര്ച്ച ചെയ്യുകയാണ്.

'സ്പോര്ട്സ് വാഷിങ്ങ് എന്റെ ജിഡിപി 1% വര്ദ്ധിപ്പിക്കാനുള്ള വഴിയാകുന്നുണ്ടെങ്കില് ഞാന് സ്പോര്ട്സ് വാഷിങ്ങ് തുടരു'മെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില് വ്യക്തമാക്കിയിരുന്നു. സ്പോര്ട്സ് മേഖലയില് സൗദിയുടെ സുവര്ണ നേട്ടമായി മാറുകയാണ് 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ആതിഥേയത്വം. ഫുട്ബോള് ലോകകപ്പ് ആതിഥേയത്വം സൗദിയെ തേടിയെത്തിയിരിക്കുന്ന സാഹചര്യത്തില് സൗദി കിരീടാവകാശിയുടെ ഈ നിലപാടിന് കൂടുതല് പ്രധാന്യം കൈവന്നിരിക്കുകയാണ്. സൗദി അറേബ്യയില് മുഹമ്മദ് ബിന് സല്മാന്റെ ഭരണം മനുഷ്യാവകാശങ്ങള്ക്ക് കറുത്തകാലം സമ്മാനിക്കുന്നുവെന്നും സ്പോര്ട്സുമായി ബന്ധപ്പെട്ട പുതിയ സാമ്പത്തിക നയ സമീപനം ഇതില് നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും ആംനെസ്റ്റി ഇന്റര്നാഷണല് അടക്കം നേരത്തെ വിമര്ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു 'സ്പോര്ട്സ് വാഷിങ്ങ്' സംബന്ധിച്ച് മുഹമ്മദ് ബിന് സല്മാൻ്റെ പ്രതികരണം.

അതേസമയം, സൗദി വിവിധ രാജ്യങ്ങളുമായുള്ള ബന്ധങ്ങള് ഈ വര്ഷം പുതുക്കുകയും, നയതന്ത്ര സഹകരണ കരാറുകള് ഒപ്പുവെക്കുകയും ചെയ്തിരുന്നു. സൗദിയുടെ വിവിധ മേഖലകളിലെ വികസനങ്ങളെ ലോകത്തിന് മുന്നില് തുറന്നിട്ട്, വിനോദ സഞ്ചാരികളുടെ ഒഴുക്ക് സാധ്യമാക്കിയതില് നിന്ന് ലഭിച്ച സുവര്ണാവസരമായിരുന്നു സൗദിയുടെ 2030ലെ വേള്ഡ് എക്സ്പോ ആതിഥേയത്വം. സൗദിയിലെ നിയമപരിഷ്കരണങ്ങളും ശ്രദ്ധേയമാണ്. വിഷന് 2030 പോലുള്ള സംരംഭങ്ങളിലൂടെ സൗദി അറേബ്യയിലെ സ്ത്രീ ശാക്തീകരണത്തിനുള്ള ശ്രമങ്ങള്ക്ക് തുടക്കം കുറിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തൊഴില് ശക്തിയില് സ്ത്രീകളുടെ പങ്കാളിത്തം വര്ദ്ധിപ്പിക്കുന്നതും സ്ത്രീകളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതും തൊഴില് മേഖലയില് സ്ത്രീ പ്രാതിനിധ്യം വര്ദ്ധിക്കുന്നതിന് സഹായകമായതായി റിപ്പോർട്ടുകളുണ്ട്.

കായികം, വിനോദം, കലകള് തുടങ്ങിയവയിലെ സ്ത്രീ പങ്കാളിത്തം, കച്ചേരികള്, കായിക ഇവന്റുകള്, സാംസ്കാരിക പ്രവര്ത്തനങ്ങള് എന്നിവിടങ്ങളില് സ്ത്രീകള്ക്കുള്ള പ്രവേശന അനുമതി തുടങ്ങിയ മാറ്റങ്ങളാണ് രാജ്യം കൊണ്ടുവന്നിട്ടുള്ളത്. 2030ഓടെ പത്ത് കോടി വിനോദ സഞ്ചാരികളെ രാജ്യത്ത് എത്തിക്കുക എന്നതാണ് സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലക്ഷ്യം.

നേട്ടങ്ങളുടെ നെറുകയിൽ യുഎഇ

ലോകത്തിലെ ഏറ്റവും ഊര്ജ്ജസ്വലമായ നഗരങ്ങളില് മിഡില് ഈസ്റ്റില് നിന്നും ഇന്നും ദുബായി തന്നെയാണ് മുന്നില്. യുഎഇ ഇത്തവണ സ്വന്തമാക്കിയത് ഗിന്നസ് ഉള്പ്പടെ നിരവധി ലോക റെക്കോര്ഡുകളാണ്. വിനോദം, ആരോഗ്യം, സാമ്പത്തികം, വ്യവസായം എന്നിങ്ങനെ ഓരോ മേഖലകളില് മുദ്രപതിപ്പിച്ച അറബ് രാജ്യമാണ് യുഎഇ.

സ്വന്തം ജനതയുടെ ആരോഗ്യത്തിന് അവര് പ്രാധാന്യം നല്കുന്നുവെന്നതിന്റെ തെളിവാണ് വര്ഷാ വര്ഷം ദുബായില് നടക്കുന്ന ഫിറ്റ്നസ് ചലഞ്ച്. 2023ല് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായി കിരീടവകാശി ഷെയ്ഖ് ഹംദാന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ദുബായ് റണ് 2,26000 പേരുമായി വേള്ഡ് റെക്കോര്ഡാണ് സ്വന്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ റണ്ണിങ് ട്രാക്ക്, ഹത്ത സൈന് എന്നിങ്ങനെ നിരവധി ലോകറെക്കോർഡുകളാണ് യുഎഇയ്ക്ക് സ്വന്തമായുള്ളത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലാണെങ്കില് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്ഷ്യല് ടവര് ക്ലോക്ക് എന്ന പദവിയും ദുബായ് തന്നെ വഹിക്കും. ഇന്ന് ആഗോള ഹൈടെക് നഗരമായ ദുബായ് യൂറോപ്യന് കോടീശ്വരന്മാരുടെ ഇഷ്ട നഗരമായി മാറിയിരിക്കുകയാണ്. പത്ത് വര്ഷത്തിനിടെ യുകെയില് നിന്ന് ദുബായിലേക്ക് ഒഴുകിയത് 1500 ഓളം സമ്പന്നരാണ്. 250-ലേറെ വമ്പന്മാര് ഈ വര്ഷം ദുബായിലേക്ക് താമസം മാറ്റുമെന്നും റിപ്പോര്ട്ടുണ്ട്. ആഗോള വെല്ത്ത് ഇന്റലിജന്സ് സ്ഥാപനമായ ന്യൂ വേള്ഡ് വെല്ത്താണ് പുതിയ റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കൂടാതെ ആഗോള പവര് സിറ്റി ഇന്ഡക്സ് 2023ല് മിഡില് ഈസ്റ്റ് മേഖലയില് നിന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയ നഗരം ദുബായാണ്. ആഗോളതലത്തില് എട്ടാം സ്ഥാനമാണ് ദുബായ്യുടേത്. പട്ടികയില് ഇടം നേടിയ ഏക ഗള്ഫ് രാജ്യം എന്ന പ്രത്യേകത കൂടി ദുബായിക്കുണ്ട്. പട്ടികയിലെ ഉപവിഭാഗങ്ങളായ കോര്പറേറ്റ് ടാക്സ്, തൊഴില്മാറ്റ സാധ്യത, കുറഞ്ഞ തൊഴിലില്ലായ്മ, നഗരത്തിന്റെ വൃത്തി എന്നിവയില് ഒന്നാം സ്ഥാനത്താണ് ദുബായ്. ആഢംബര ഹോട്ടലുകളുടെ എണ്ണത്തില് രണ്ടാം സ്ഥാനവും, അന്താരാഷ്ട്ര ചരക്കുഗതാഗതത്തില് നാലാം സ്ഥാനവും ദുബായ്യ്ക്കാണ്. ടോക്കിയോ, ഇസ്താംബുള്, മാഡ്രിഡ്, മോസ്കോ, സിംഗപ്പൂര് എന്നിവയെ പിന്തള്ളിയാണ് സാംസ്കാരിക ആശയവിനിമയ മേഖലയില് നാലാം സ്ഥാനം ദുബായ് സ്വന്തമാക്കിയിരിക്കുന്നത്. നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സര്വീസ്, സംസ്കാരിക പരിപാടികള്, ടൂറിസ്റ്റ് കേന്ദ്രങ്ങള് എന്നിവയുടെ കാര്യത്തിലും ദുബായ് അഞ്ചാം സ്ഥാനത്തുണ്ട്.

സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ വന്നത് 2023ലാണ്. തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി, ഇസ്ലാം ഇതര വിശ്വാസികൾ്കക് വ്യക്തിഗത സ്റ്റാറ്റസ് നിയമം, ലോക സർക്കാർ ഉച്ചകോട്, പുതിയ കോർപറേറ്റ് ടാക്സ് നിയമം, സ്വദേശിവത്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ചു, ലൈസൻസോട് കൂടിയ പ്രൈവറ്റ് ട്യൂഷന് അംഗീകാരം, ലോക കാലവസ്ഥാ ഉച്ചകോടിയ്ക്ക് (കോപ്28) ദുബായ്യിൽ നടന്നത് 2023ൽ തന്നൊയായിരുന്നു.

2022 ഫിഫ വേള്ഡ് കപ്പിന് വേദിയായികൊണ്ട് ഖത്തര് ലോകരാജ്യങ്ങള്ക്ക് മുന്നില് ശ്രദ്ധേയമാവുകയായിരുന്നു. എന്നാല് 2023ല് കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോര്ട്ടികള്ചറല് എക്സ്പോയ്ക്ക് ആദ്യമായി വേദിയായികൊണ്ട് ഖത്തര് ചരിത്രം കുറിച്ചു. ഇതിലൂടെ ടൂറിസം മേഖല തന്നെയാണ് ലക്ഷ്യം. 2023വേള്ഡ് റിച്ചസ്റ്റ് കണ്ട്രികളില് നാലാം സ്ഥാനം കരസ്ഥമാക്കിയ അറബ് രാജ്യമാണ് ഖത്തര്. ഓരോ ഗള്ഫ് രാജ്യങ്ങളും രാജ്യത്തെ പൗരന്റെ സുരക്ഷയെ മുന് നിര്ത്തി ഗതാഗത മേഖലയിലും തൊഴില് മേഖലകളിലും ശക്തമായ നിയമങ്ങള് നടപ്പിലാക്കി.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൻ്റെ ഭാഗമായി ഗാസയിൽ നടന്ന തുടർച്ചയായ വെടിവെയ്പ്പ് നിർത്തിവെക്കുന്നതിനായി ഖത്തർ നടത്തിയ ഇടപെടൽ ആഗോളതലത്തിൽ ശ്രദ്ധേയമായിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഗാസയിൽ താത്ക്കാലികമായി വെടിനിർത്തലിന് ധാരണയായത്. തുടർന്ന് നാല് ദിവസം വെടിവെപ്പ് നിർത്തിവെച്ചിരുന്നു.

കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അല് ജാബര് അല് സബാഹ് വിടപറഞ്ഞതും 2023 ഡിസംബർ 16നായിരുന്നു. കുവൈറ്റിലെ 16-ാമത്തെ അമീർ ആയിരുന്നു അദ്ദേഹം. കുവൈറ്റ് രാജ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗംകൂടിയായിരുന്നു.

ഷെയ്ഖ് നവാഫിൻ്റെ വിയോഗത്തെ തുടർന്ന് ഷെയ്ഖ് മിശ്അല് അല് അഹമ്മദ് അല് ജാബിര് അസ്സബാഹ് കുവൈറ്റ് അമീറായി അധികാരമേൽക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും പ്രായമുള്ള 10 ഭരണാധികാരികളുടെ പട്ടികയിലേയ്ക്ക് കൂടിയാണ് പുതിയ അമീറായി ഷെയ്ഖ് മിശ്അല് അല് അഹമ്മദ് അല് ജാബിര് അസ്സബാഹ് ഇടം നേടിയത്.

2023ല് അറബ് രാജ്യങ്ങള് നേട്ടങ്ങളിലേക്ക് കൈ ഉയര്ത്തിയപ്പോള് പ്രവാസി സമൂഹം നേരിട്ട പ്രതിസന്ധി അതിഭീകരം തന്നെയാണ്. കുടുംബം നിലനിര്ത്താനായി നാടും വീടും വിട്ട് മറുനാട്ടില് നാളുകള് ചിലവഴിക്കുന്ന ഓരോ പ്രവാസിയുടേയും ഒരേ സ്വപ്നമാണ് നാട്ടിലേക്കുള്ള മടക്ക യാത്ര. സീസണനുസരിച്ച് വിമാന കമ്പനികള് ടിക്കറ്റുകളുടെ നിരക്ക് കുത്തനെ ഉയര്ത്തുമ്പോള്, അത് സാധാരണക്കാരായ പ്രവാസികളെ പ്രതിസന്ധിയിലാക്കുകയാണ്. ഈ പ്രതിസന്ധി നിലവിലും തുടരുന്നുവെന്നതാണ് സത്യാവസ്ഥ. കൈ പൊള്ളുന്ന വിലയില് ടിക്കറ്റ് എടുക്കാന് കഴിയാതെ യാത്ര മുടങ്ങിയ പ്രവാസികള് നമുക്ക് ഇടയില് ധാരാളമുണ്ട്. നാടെന്ന സ്വപ്നത്തിനെ ഉള്ളിലൊതുക്കി വീണ്ടും നാളുകള് കഴിച്ചുകൂട്ടേണ്ടിവന്ന യുവത്വങ്ങളും വാര്ധക്യവും ഒട്ടേറെയാണ്. ഈ സാഹചര്യത്തില് വിമാനയാത്രയ്ക്ക് ബദലായി ഗള്ഫിലേക്ക് കപ്പല് യാത്ര വരുന്നു എന്ന വാര്ത്ത പ്രധാനമായും ആശ്വാസം നല്കിയത് പ്രവാസി മലയാളികള്ക്കായിരുന്നു.

ഗള്ഫ് നാടുകളില് നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്ഘ വര്ഷത്തെ ആവശ്യമായ കപ്പൽ സർവ്വീസ് ആരംഭിക്കാനാണ് സംസ്ഥാന സര്ക്കാര് ആഗ്രഹിക്കുന്നതെന്നും ഇതിന് ആവശ്യമായ സാങ്കേതിക നടപടികള്ക്ക് മാരിടൈം ബോര്ഡും നോര്ക്ക റൂട്ട്സും തുടക്കമിട്ടതായും മന്ത്രി അഹമ്മദ് ദേവര്കോവില് അറിയിച്ചിരുന്നു. ബേപ്പൂരില് നിന്ന് ഗള്ഫ് രാജ്യങ്ങളിലേക്ക് ടൂറിസത്തിന് കൂടി ഉപയോഗപ്പെടും വിധം യാത്രാ കപ്പല് ആരംഭിക്കുമെന്നാണ് സംസ്ഥാന ടൂറിസം മന്ത്രി അറിയിച്ചിരിക്കുന്നത്. കപ്പൽ സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസികളുടെ യാത്ര പ്രശ്നത്തിന് ഒരു തരത്തിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us