അബുദബി: യുഎഇയിൽ കൊല്ലപ്പെട്ട ഇന്ത്യൻ പ്രവാസി അനിൽകുമാർ വിൻസെന്റിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇദ്ദേഹത്തെ ഈ മാസം ആദ്യം കാണാതായിരുന്നു. വർഷങ്ങളായി യുഎഇയിലെ പ്രാദേശിക ടെക്സ്റ്റൈൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു അനിൽകുമാർ. 35 വർഷത്തിലേറെയായി ഒരു കമ്പനിയുടെ പിആർഒ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി രണ്ടിന് റാസ് അൽ ഖൂറിലെ കമ്പനിയുടെ ഓഫീസുകളിലൊന്ന് പരിശോധിക്കാൻ പോയിരുന്നു. അതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അതിനുശേഷം അദ്ദേഹത്തെ പറ്റി വിവരങ്ങളൊന്നും ലഭിച്ചില്ലായെന്ന് ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സഹോദരന് അനിലുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്നാണ് അനിൽകുമാറിനെ കാണാനില്ല എന്ന വിവരം വ്യക്തമായത്. അനിലിന്റെ മകൻ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് എത്തിയശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഖലീജ് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ജനുവരി 12 ന് അനിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനിലിൻ്റെ കുടുംബമായിരുന്നു മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷാർജയിലെ ഒരു മരുഭൂമിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ വിശദവിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേസ് ഇപ്പോഴും അന്വേഷണത്തിലാണ്. 59 കാരനായ അനിലിന് ഭാര്യയും മകനും മകളുമാണുള്ളത്. എംബാമിംഗ് സർട്ടിഫിക്കറ്റിൽ മരണകാരണം കഴുത്ത് ഞെരിഞ്ഞതും നെഞ്ചിലേറ്റ പ്രഹരവുമാണെന്നാണ് പറയുന്നത്.