ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല് വില്ലേജില് റമദാന് മാസത്തില് സന്ദര്ശകര്ക്കായുള്ള പ്രവേശന സമയം പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണിമുതല് പുലര്ച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല് വില്ലേജ് തുറന്ന് പ്രവര്ത്തിക്കുക. ഗ്ലോബല് വില്ലേജിലെത്തുന്ന സന്ദര്ശകര്ക്ക് ഇഫ്താര് വിരുന്നും റമദാന് സൂക്കുകളുമായി റമദാന് തീമിലായിരിക്കും ഗ്ലോബല് വില്ലേജ് ഒരുങ്ങുന്നത്. നോമ്പുതുറ സമയത്തെ അറിയിക്കുന്ന പരമ്പരാഗത രീതിയിലുള്ള പീരങ്കിയിൽ നിന്നും വെടിയുതിർക്കുന്നതും ഗ്ലോബൽ വില്ലേജിൽ ഉണ്ടായിരിക്കും.
പ്രധാന വേദികളില് അറബിക് സംഗീതമായിരിക്കും അരങ്ങേറുക. ഡ്യുവൽ ഹാർപ്സ് ഷോ, വയലിൻ പ്ലെയർ, തന്നൂറ ഷോ എന്നിവയുൾപ്പെടെ നിരവധി ലൈവ് ഷോകൾ മിനി വേൾഡിലെ മെയിൻ സ്റ്റേജിനും വണ്ടർ സ്റ്റേജിനുമിടയിൽ മാറിമാറി നടക്കും. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി ഒമ്പത് മണിക്ക് സംഗീത വെടിക്കെട്ട് ആകാശത്തെ പ്രകാശിപ്പിക്കും.
കിഡ്സ് തീയേറ്ററിൽ രസകരവും വിനോദപ്രദവുമായ ഷോകളും വാരാന്ത്യദിനങ്ങളിൽ ഒരുക്കും. വെള്ളിയാഴ്ച മുതൽ ഞായർ വരെ റമദാൻ-എക്സ്ക്ലൂസീവ് കാലിഡോസ്കോപ്പ് ഷോയ്ക്കൊപ്പം മനോഹരമായ അറബി പപ്പറ്റ് ഷോകളും കുട്ടികൾക്കായി ഒരുക്കും.