അബുദബി: അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങള് ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്കി അബുദബി പൊലീസ്. അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചായിരുന്നു പൊലീസ് മുന്നറിയിപ്പ് നല്കിയത്. നിയമം ലംഘഘിക്കുന്നവർക്കെതിരെ 800 ദിര്ഹം പിഴയും നാല് ബ്ലാക് പോയിന്റും പിഴയായി ചുമത്തുമെന്നും പൊലീസ് ഓര്മ്മിപ്പിച്ചു.
തിരക്കേറിയ റോഡില് ശ്രദ്ധയില്ലാതെ വന്ന വാഹനം മറ്റ് വാഹനത്തെ ഇടിക്കുകയും ഒരേസമയം മൂന്ന് വാഹനങ്ങള് അപകടത്തില് പെടുകയും ചെയ്യുന്നതായിരുന്നു പൊലീസ് പുറത്തുവിട്ട വീഡിയോകളില് ഒന്ന്. മറ്റൊന്ന് അശ്രദ്ധയോടെ വാഹനമോടിച്ച് ഡിവൈഡറിലേക്ക് ഇടിച്ച് കയറ്റുതിന്റെ വീഡിയോയായിരുന്നു. പൊലീസ് കണ്ട്രോള് ആന്ഡ് മോണിറ്ററിംഗ് സെന്ററുമായി ചേർന്നാണ് അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ട്രാഫിക് സിഗ്നലുകളിലും കവലകളിലും വാഹനമോടിക്കുന്നവര് പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിര്ദേശിച്ചു.
ഡ്രൈവിങ്ങിനിടെയുള്ള മൊബൈല് ഫോണിന്റെ ഉപയോഗം അപകടങ്ങള്ക്ക് കാരണമാകുന്നുവെന്നും പൊലീസ് ആവർത്തിച്ചു. മാരകമായ അപകടങ്ങളുണ്ടാകാൻ പ്രധാന കാരണമാണ് ഡ്രൈവിങ്ങിനിടയിലെ മൊബൈല് ഫോണിന്റെ ഉപയോഗം. ബ്രൗസിംഗ്, സോഷ്യല് മീഡിയ, കോളുകള് അല്ലെങ്കില് ഫോട്ടോഗ്രാഫി എന്നിവയ്ക്ക് മൊബൈല് ഫോണുകള് ഉപയോഗിക്കുന്നത് പോലുള്ള പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നതിനെതിരെ ഡ്രൈവര്മാര്ക്ക് പൊലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.